അങ്ങനെ ആ ന്യായവും പൊളിഞ്ഞു; എടപ്പാടിയെ മുഖ്യമന്ത്രിയാക്കാൻ പഴയ ലൈൻ വിഴുങ്ങി പാർട്ടി

ചെന്നൈ ∙ പാർട്ടി ജനറൽ സെക്രട്ടറിയും മുഖ്യമന്ത്രിയും ഒരാളായിരിക്കുന്നതാണ് ഉചിതമെന്ന ന്യായം പറഞ്ഞാണ് അണ്ണാ ഡിഎംകെ പനീർസെൽവത്തെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയത്. എന്നാൽ, എടപ്പാടി കെ. പളനിസാമി മുഖ്യമന്ത്രിയായതോടെ ആ ന്യായം പൊളിഞ്ഞിരിക്കുന്നു. ജയിലിലാണെങ്കിലും ജനറൽ സെക്രട്ടറി ശശികല തന്നെ.

നേരത്തെ, ശശികലയെ മുഖ്യമന്ത്രിയാക്കാൻ രംഗത്തെത്തിയ ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈ ഉൾപ്പെടെയുള്ളവർക്കു പനീർസെൽവത്തെ പെട്ടെന്നു മാറ്റാൻ മറ്റൊരു കാരണവും കണ്ടെത്താനായിരുന്നില്ല. സർക്കാരിന്റെ ക്ഷേമപദ്ധതികൾ ശരിയായി നടപ്പാക്കാൻ പാർട്ടി നേതാവും മുഖ്യമന്ത്രിയും ഒരാളാകണമെന്നു ചില മന്ത്രിമാർ പോലും ആവശ്യപ്പെട്ടു.

ഈ വാദം അംഗീകരിച്ചാണു താൻ നിയമസഭാകക്ഷി നേതൃ സ്ഥാനം ഏറ്റെടുക്കുന്നതെന്നു ശശികലയും പറഞ്ഞിരുന്നു. എന്നാൽ, സ്വത്തുകേസിലെ വിധിയോടെ ഈ ‘പാർട്ടി ലൈൻ’ നേതാക്കൾ വിഴുങ്ങി. ഇപ്പോൾ സാഹചര്യം വ്യത്യസ്തമാണെന്നാണു തമ്പിദുരൈയുടെ വിശദീകരണം. നിയമപരമായ കാരണങ്ങളാൽ ശശികലയ്ക്കു മുഖ്യമന്ത്രിയാകാൻ കഴിയില്ല. അസാധാരണ സാഹചര്യമാണിതെന്നും അദ്ദേഹം ന്യായീകരിക്കുന്നു.

ശശികലയെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി മാത്രമാണ് ഈ ന്യായവാദങ്ങളെല്ലാം പാർ‍ട്ടി മുന്നോട്ടുവച്ചതെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ നിലപാടുമാറ്റം. പാർട്ടി ഇരു പക്ഷങ്ങളായെന്നതു മാത്രമാണു ബാക്കിപത്രം. പനീർസെൽവം ഉൾപ്പെടെ ചില നേതാക്കൾ പാർട്ടിക്കു പുറത്തായി. പരസ്പരം അടുക്കാനാവാത്ത വിധം ഇരുചേരികളും അകലുകയും ചെയ്തു.