തമിഴ്നാട് നിയമസഭയിൽ ഇന്നലെ സംഭവിച്ചത്

1)കീറിയതും കുടുക്കുകൾ ഇടാതെയുമുളള ഷർട്ടുമായി സ്റ്റാലിൻ നിയമസഭ മന്ദിരത്തിൽ നിന്നു പുറത്തു വരുന്നു.. (2) നിയമസഭ ഉദ്യോഗസ്ഥരുടെ മേശപ്പുറത്തുള്ള കടലാസുകൾ കാറ്റിൽ പറത്തിയപ്പോൾ.

രാവിലെ 11.00

സമ്മേളനം തുടങ്ങുന്നു. രഹസ്യ വോട്ടെടുപ്പു വേണമെന്നു ഡിഎംകെ അംഗങ്ങളും പനീർസെൽവം പക്ഷവും. സ്പീക്കർ വിസമ്മതിച്ചതോടെ ഡിഎംകെ അംഗങ്ങൾ ബഹളം തുടങ്ങി.

12.00

സ്പീക്കറുടെ കസേരയ്ക്കു മുന്നിലെത്തിയ ഡിഎംകെ അംഗങ്ങൾ മൈക്ക് പിടിച്ചൊടിച്ചു. നിയമസഭ ഉദ്യോഗസ്ഥരുടെ മേശപ്പുറത്തുള്ള കടലാസുകൾ കാറ്റിൽ പറത്തി. ഫയലുകൾ ഭരണകക്ഷി അംഗങ്ങൾക്കിടയിൽ വരെ വന്നു വീണു. ബഹളം തുടരുന്നതിനിടെ സ്പീക്കർ സഭ ഒരു മണി വരെ നിർത്തിവച്ചു.

12.10

വാച്ച് ആൻഡ് വാർഡെത്തി സ്പീക്കറെ സുരക്ഷിതമായി പുറത്തേക്കു കൊണ്ടു പോകാൻ ശ്രമം. ഡിഎംകെ അംഗങ്ങൾ സ്പീക്കറുടെ കൈയിലും ഷർട്ടിലും പിടിച്ചു വലിച്ചു സഭയിൽ നിർത്താൻ നോക്കുന്നു. തുടർന്നു ഡിഎംകെ അംഗങ്ങളിൽ രണ്ടു പേർ സ്പീക്കറുടെ കസേരയിൽ കയറിയിരിക്കുന്നു. ബഹളം തുടരുന്നു.

1.00

സഭ വീണ്ടും സമ്മേളിക്കുന്നതോടെ ബഹളം വീണ്ടും തുടങ്ങുന്നു. ഡിഎംകെ അംഗങ്ങൾ ആവശ്യങ്ങളിൽ ഉറച്ചുനിന്നതോടെ ബഹളം നിയന്ത്രണാതീതം. സ്പീക്കറുടെ മേശയും ഉദ്യോഗസ്ഥരുടെ കസേരകളും ഡിഎംകെ അംഗങ്ങൾ അലങ്കോലപ്പെടുത്തുന്നു. വനിത അംഗങ്ങളുൾപ്പെടെ കസേരയിൽ കയറി നിന്നു പ്രതിഷേധിക്കുന്നു.

1.18

ബഹളം തുടർന്നതോടെ ഡിഎംകെ അംഗങ്ങളെ സഭയിൽ നിന്നു നീക്കം ചെയ്യാൻ സ്പീക്കർ വാച്ച് ആൻഡ് വാർഡിനോടു നിർദേശിച്ചു.

1.30

ബഹളം മൂലം സഭ മൂന്നു മണി വരെ നിർത്തിവയ്ക്കുന്നു.

2.00

നിയമസഭ മന്ദിരത്തിനു ചുറ്റും രണ്ടായിരത്തോളം പൊലീസിന്റെ സുരക്ഷാകവചം. അടിയന്തര സാഹചര്യങ്ങളിൽ ഇടപെടാൻ സ്ട്രൈക്കിങ് ഫോഴ്സും രംഗത്ത്. സുരക്ഷാ ഉദ്യോഗസ്ഥർ ഡിഎംകെ അംഗങ്ങളെ സഭയിൽ നിന്നു നീക്കം ചെയ്യാൻ തുടങ്ങുന്നു.

2.30

ഇരുപതോളം എംഎൽഎമാരെ നീക്കുന്നു. ഇവർ സഭയ്ക്കു പുറത്തും ബാക്കിയുള്ളവർ അകത്തും കുത്തിയിരിപ്പു നടത്തുന്നു. സ്റ്റാലിനുൾപ്പെടെയുള്ളവരെ ബലം പ്രയോഗിച്ചു നീക്കുന്നു.

2.40

കീറിയതും കുടുക്കുകൾ ഇടാതെയുമുളള ഷർട്ടുമായി സ്റ്റാലിൻ നിയമസഭ മന്ദിരത്തിൽ നിന്നു പുറത്തു വരുന്നു. ഡിഎംകെ അംഗങ്ങളെ നീക്കം ചെയ്തതിനു പിന്നാലെ കോൺഗ്രസ്, മുസ്‌ലിം ലീഗ് അംഗങ്ങൾ സഭ ബഹിഷ്കരിക്കുന്നു.

3.00

സഭ വീണ്ടും സമ്മേളിക്കുന്നു. സഭയിൽ അണ്ണാ ഡിഎംകെ അംഗങ്ങൾ മാത്രം.

3.16

വിശ്വാസപ്രമേയത്തിനു മേൽ സ്പീക്കർ ഡിവിഷൻ വോട്ടിങ് നടത്തുന്നു. അനുകൂലിക്കുന്നവർ ആദ്യം എഴുന്നേറ്റു നിന്നു പിന്തുണ അറിയിക്കുന്നു. എതിർക്കുന്നവർ പിന്നീട് എഴുന്നേറ്റു നിന്ന് എതിർപ്പു രേഖപ്പെടുത്തുന്നു. 11നെതിരെ 122 വോട്ടുകൾക്ക് എടപ്പാടി പളനിസാമി സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുന്നു. സ്പീക്കർ വിജയ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ പനീർസെൽവം പക്ഷം സഭ വിട്ടിറങ്ങി  ‘ധർമയുദ്ധം’ തുടരുമെന്നു പ്രഖ്യാപിക്കുന്നു.