പഞ്ചാബിൽ രാഷ്ട്രീയക്കളം പിടിക്കാൻ; കളിക്കളത്തിൽനിന്ന്

നവ്ജ്യോത് സിദ്ദു, പർഗത് സിങ്, സജ്ജൻ ചീമ, കർതാർ സിങ്, ഗുൽസാരി മൂനക്

രാഷ്ട്രീയക്കാർ കായിക സംഘടനാ രംഗത്തു കയറിക്കളിക്കുന്നതാണു രാജ്യത്തെ നാട്ടുനടപ്പ്. ശനിയാഴ്ച നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബിൽ കാര്യങ്ങൾ നേരെ തിരിച്ചാണ്. രാജ്യാന്തര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അഞ്ചു താരങ്ങളാണു തിരഞ്ഞെടുപ്പുഗോദയിൽ കരുത്തു തെളിയിക്കാനിറങ്ങിയിരിക്കുന്നത്.

ഇതിൽ മൂന്നുപേർ അർജുന അവാർഡ് ജേതാക്കൾ. ഒരാൾ മുൻ രാജ്യാന്തര ക്രിക്കറ്റ് താരം. അഞ്ചാമൻ ഇന്ത്യൻ കബഡി ടീം മുൻ താരം. നവ് ജ്യോത് സിങ് സിദ്ദു, പർഗത് സിങ്, സജ്ജൻ ചീമ, കർതാർ സിങ്, ഗുൽസാരി മൂനക് എന്നിവരാണു കളം മാറ്റിച്ചവിട്ടിയ താരങ്ങൾ. ഇന്ത്യയിൽ ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്രയും കായികതാരങ്ങൾ മൽസരിക്കുന്നത് ഇതാദ്യം.

ഇന്ത്യൻ ക്രിക്കറ്റിലെ മിസ്റ്റർ സിക്സർ നവ്‌ജ്യോത് സിങ് സിദ്ദു തന്നെയാണു കായിക സംഘത്തിലെ ക്യാപ്റ്റൻ. മൂന്നു ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ അങ്കം വെട്ടി ജയിച്ചതിന്റെ പരിചയ സമ്പത്തുള്ള സിദ്ദുവിനു നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് ഓപ്പണിങ് ഇന്നിങ്സ്. പിച്ച് മാറിയാണ് ഇത്തവണ കളി. ബിജെപി അംഗമായിരുന്ന സിദ്ദു കോൺഗ്രസ് ടിക്കറ്റിലാണു മൽസരിക്കുന്നത്.

ലോക ഹോക്കിയിലെ എക്കാലത്തെയും മികച്ച ഫുൾ ബാക്കുകളിലൊരാളായ പർഗത് സിങ്ങിനു രാഷ്ട്രീയത്തിൽ ഇതു രണ്ടാം അങ്കം. കഴിഞ്ഞ തവണ ജയിച്ച ജലന്തർ കൺറോൺമെന്റിൽ തന്നെയാണ് ഇത്തവണയും ഇറങ്ങുന്നത്.

സിദ്ദുവിനെപ്പോലെ പർഗതും ടർഫ് മാറ്റിപ്പിടിച്ചിട്ടുണ്ട്- കഴിഞ്ഞ തവണ ശിരോമണി അകാലി ദൾ ടിക്കറ്റിൽ ജയിച്ച താരം ഇത്തവണ വരുന്നത് കോൺഗ്രസ് ബാനറിൽ. രണ്ട് ഒളിംപിക്സുകളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും 1985ലെ പെർത്ത് ചാംപ്യൻസ് ട്രോഫിയിൽ ജർമനിക്കെതിരായ പ്രകടനമാണു പർഗതിനെ ഇന്ത്യൻ ആരാധകരുടെ ഹീറോയാക്കിയത്.

കളി തീരാൻ എട്ടു മിനിറ്റ് ബാക്കിനിൽക്കേ 1-5നു പിന്നിൽ നിന്ന ഇന്ത്യ അവസാന വിസിലിനു മുൻപേ സമനില പിടിച്ചു. കയറിക്കളിച്ച് മൂന്നു ഗോൾ നേടിയ പർഗതായിരുന്നു അന്ന് ഇന്ത്യയുടെ താരം. സുശീൽ കുമാർ-യോഗേശ്വർ ദത്ത് യുഗത്തിനു മുൻപ് ഇന്ത്യൻ ഗുസ്തിയിലെ സൂപ്പർ സ്റ്റാറായിരുന്ന ഒളിംപ്യൻ കർതാർ സിങ് തരൺ താരൺ മണ്ഡലത്തിലാണു മൽസരിക്കുന്നത്.

രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണ മെഡലുകൾ സ്വന്തം പേരിലുണ്ട്. രാജ്യം കണ്ട ഏറ്റവും മികച്ച ബാസ്കറ്റ് ബോൾ താരങ്ങളിലൊരാളായ സജ്ജൻ ചീമ സുൽത്താൻപുർ ലോധിയിൽ ജനവിധി തേടുന്നു. തിരഞ്ഞെടുപ്പു ഗോദയിൽ കന്നിക്കാരായ ഇരുവരും ആം ആദ്മി പാർട്ടി സ്ഥാനാർഥികളാണ്.