ശശികലയ്ക്ക് സാധാരണ സെൽ; അത്താഴത്തിന് ചപ്പാത്തി, ചോറ്, റാഗിയുണ്ട

ബെംഗളൂരു∙ ജയിലിൽ എ ക്ലാസ് സൗകര്യം വേണമെന്ന ശശികലയുടെ ആവശ്യം പ്രത്യേക കോടതി ജഡ്ജി അശ്വത്ഥ നാരായണ നിരസിച്ചു. ജയിൽഭക്ഷണം കഴിച്ചു ആർക്കും ഇതേവരെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് ശശികലയോടു ജഡ്ജി പറഞ്ഞു. മറ്റു തടവുപുള്ളികൾ കഴിക്കുന്ന ഭക്ഷണം തന്നെ കഴിക്കാനും നിർദേശിച്ചു. വീട്ടുഭക്ഷണത്തിനു പുറമെ 24 മണിക്കൂർ ചൂടുവെള്ളം, മിനറൽ വാട്ടർ, യൂറോപ്യൻ ക്ലോസറ്റ്, കട്ടിലും ടിവിയുമുള്ള എ ക്ലാസ് സെൽ എന്നിവയും ശശികല ആവശ്യപ്പെട്ടിരുന്നു. ഇവയെല്ലാം ജ‍‍ഡ്ജി നിരസിച്ചു.

മൂന്നു സാരി, പ്ലേറ്റ്, ഗ്ലാസ്, മഗ്, തലയണ, പുതപ്പ് എന്നിവ അനുവദിച്ചു. രാത്രി ഏഴു മണിയോടെ വനിതാ സെല്ലിലെ മറ്റു തടവുകാർക്കൊപ്പം ശശികലയ്ക്കും ഇളവരശിക്കും അത്താഴം നൽകി – രണ്ടു ചപ്പാത്തി, റാഗിയുണ്ട, ചോറ്. നെയ്ത്ത്, മെഴുകുതിരി നിർമാണം, ചന്ദനത്തിരി നിർമാണം തുടങ്ങിയവയിൽ ഏതെങ്കിലുമൊരു ജോലിയാകും ശശികലയ്ക്കും നൽകുക. ജയിലിൽ ജോലി ചെയ്യാൻ തുടങ്ങിയാൽ ശശികലയ്ക്ക് പ്രതിദിനം 50 രൂപ വേതനം ലഭിക്കുന്നതിനു പുറമെ, ജയിലിലെ സ്റ്റോറിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ പ്രതിമാസ കൂപ്പണുകളും നൽകും.