ഉറങ്ങാതെ ശശികല; മെത്ത ആവശ്യപ്പെട്ടിട്ടും നൽകിയില്ല

ബെംഗളൂരു∙ പാരപ്പന അഗ്രഹാര ജയിലിൽ ഉറക്കമില്ലാ രാത്രിയാണ് ആദ്യദിവസം ശശികല പിന്നിട്ടതെന്ന് അണ്ണാ ഡിഎംകെ കർണാടക യൂണിറ്റ് സെക്രട്ടറി വി.പുകഴേന്തി. മെത്ത ആവശ്യപ്പെട്ടിട്ടു പോലും നൽകിയില്ല. ബുധനാഴ്ച രാത്രിഭക്ഷണത്തിനു റാഗിയുണ്ട കഴിക്കാൻ വിസമ്മതിച്ചപ്പോൾ സഹോദരഭാര്യ ഇളവരശി ഇടപെടുകയും പ്രമേഹത്തെ തുടർന്നുള്ള മോശം ആരോഗ്യസ്ഥിതി മറക്കരുതെന്നു പറഞ്ഞ് അനുനയിപ്പിക്കുകയുമായിരുന്നു. ഇന്നലെ പ്രഭാതസവാരിക്കൊപ്പം യോഗ ചെയ്യാനും അധികൃതർ അനുവദിച്ചു. നാടൻ കന്നഡ ഭക്ഷണമായ പുളിയോഗര (പുളിയും നിലക്കടലയും ചേർത്ത ചോറ്) ആയിരുന്നു ഇന്നലെ പ്രഭാത ഭക്ഷണമെന്നും പുകഴേന്തി പറഞ്ഞു.

ശശികലയ്ക്കു പ്രത്യേക സൗകര്യങ്ങളൊന്നും നൽകിയിട്ടില്ലെന്നു ജയിൽ ഡിജിപി എച്ച്.എൻ. സത്യനാരായണ അറിയിച്ചു. എന്നാൽ കട്ടിൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയെന്ന റിപ്പോർട്ടുകളുമുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ സന്ദർശനത്തിനു മുന്നോടിയായി, ഹൊസൂർ റോഡ് ഹൈവേയിൽ വലിയ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ശശികല കീഴടങ്ങാനായി എത്തിയപ്പോൾ വാഹനവ്യൂഹം ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണു സുരക്ഷ വർധിപ്പിച്ചത്. ബെംഗളൂരു ജയിൽ സുരക്ഷിതമല്ലെന്നു വരുത്തിത്തീർക്കാൻ അണ്ണാ ഡിഎംകെ തന്നെ ആസൂത്രണം ചെയ്ത നാടകമാണെന്നും അഭ്യൂഹമുണ്ട്.