Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവസേനയുടെ ഗുണ്ടായിസം; കൊച്ചിയിൽ വൻ പ്രതിഷേധം

01-kochi-3-col-col

കൊച്ചി ∙ മറൈൻ ഡ്രൈവിൽ ഒരുമിച്ചിരുന്ന യുവതീയുവാക്കൾക്കു നേരെ ശിവസേന പ്രവർത്തകർ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ വൻ പ്രതിഷേധം. രാഷ്ട്രീയ സംഘടനകളും വിവിധ കൂട്ടായ്മകളും പ്രതിഷേധവുമായി മറൈൻ ഡ്രൈവിൽ ഒത്തുചേർന്നു. അക്രമം നടത്തിയ പ്രവർത്തകരെ ശിവസേന സസ്പെൻഡ് ചെയ്തു. അതിക്രമം പാർട്ടിക്കു നാണക്കേടായെന്നു ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനും യുവസേനാ തലവനുമായ ആദിത്യ താക്കറെ വ്യക്തമാക്കി. ഇത്തരം പ്രവണതകളെ ശിവസേന പ്രോൽസാഹിപ്പിക്കുകയോ അത്തരക്കാരെ സംരക്ഷിക്കുകയോ ചെയ്യില്ലെന്നും ആദിത്യ ട്വിറ്ററിലൂടെ അറിയിച്ചു.

മറൈൻ ഡ്രൈവിൽ അക്രമത്തിനു നേതൃത്വം നൽകിയ എട്ടു ശിവസേനാ പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. ജില്ലാ പ്രസിഡന്റ് എറണാകുളം കുട്ടപ്പായി റോഡ് ശിവാലയത്തിൽ ടി.ആർ. ദേവൻ (49), ആലുവ തായിക്കാട്ടുകര കണിയാംകുടി കെ.വൈ. കുഞ്ഞുമോൻ (45), വൈപ്പിൻ മാലിപ്പുറം കോഴിക്കാപ്പറമ്പ് കെ.വി. രതീഷ് (41), ആലുവ വാഴക്കുളം വള്ളൂരകത്ത് എ.വി. വിനീഷ് (38), ആലുവ തായിക്കാട്ടുകര ചീരക്കപ്പാടത്ത് സി.ആർ. ലെനിൻ (42), കോലഞ്ചേരി മാങ്ങാട്ടൂർ നടുമോളത്ത് രാജേഷ് (29), എളങ്കുന്നപ്പുഴ നികർത്തിൽത്തറ ടി.കെ. അരവിന്ദൻ (50), വെസ്റ്റ് കടുങ്ങല്ലൂർ അമ്പാട്ടുമാലിൽ കെ.കെ. ബിജു (36) എന്നിവരെയാണു റിമാൻഡ് ചെയ്തത്.

ഭീഷണിപ്പെടുത്തിയതിനും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പുറമേ, സ്ത്രീത്വത്തെ അവഹേളിച്ചതിനും ഇവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ മൂന്നു പേരെക്കൂടി ഇനിയും പിടികൂടാനുണ്ട്. അതേസമയം, സ്പെഷൽ ബ്രാഞ്ച് ഏതാണ്ട് അഞ്ചു മണിക്കൂർ മുൻപു പ്രകടനത്തെക്കുറിച്ചു റിപ്പോർട്ട് നൽകിയിട്ടും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം ഗൗരവമായെടുത്തില്ലെന്ന് സ്പെഷൽ ബ്രാഞ്ച് അസി. കമ്മിഷണർ കെ.വി. വിജയൻ സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

Moral Policing in Kochi

ചൂരലുമായി വൈകിട്ടു ശിവസേന പ്രകടനം നടത്തുമെന്നും സംഘർഷത്തിനു സാധ്യതയുണ്ടെന്നും സംഭവദിവസം രാവിലെ 11.10നു സന്ദേശം കൈമാറിയിരുന്നു. എസ്ഐയും എട്ടു പൊലീസുകാരും സംഭവ സ്ഥലത്തുണ്ടായിട്ടും പ്രകടനം സംഘർഷത്തിലേക്കു നീങ്ങുംമുൻപു ശക്തമായ നടപടിയെടുത്തില്ലെന്നാണു റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. എന്നാൽ, പ്രകടനത്തെക്കുറിച്ചു വിവരം ലഭിച്ചിരുന്നെങ്കിലും ചൂരലുമായാണു വരുന്നതെന്നോ, അക്രമം നടത്തുമെന്നോ ഉള്ള സൂചനയുണ്ടായിരുന്നില്ലെന്നാണു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം. സദാചാര ഗുണ്ടായിസത്തിനെതിരെ വ്യത്യസ്ത സമരങ്ങൾക്കാണ് ഇന്നലെ കൊച്ചി വേദിയായത്.

ശിവസേന ഓഫിസിലേക്ക് എഐവൈഎഫ് നടത്തിയ മാർച്ച് പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ സ്നേഹ ഇരിപ്പു സമരം നടത്തിയപ്പോൾ, കെഎസ്‌യു പ്രവർത്തകർ സദാചാര ചൂരൽ–ചൂൽ വിൽപന നടത്തി പ്രതിഷേധിച്ചു. ചുംബന സമരവും തെരുവുനാടകവുമായി കിസ് ഓഫ് ലവ് പ്രവർത്തകർ മറൈൻ ഡ്രൈവിൽ ഒത്തുചേർന്നു. ബിജെപി പ്രവർത്തകരും പ്രതിഷേധ പ്രകടനം നടത്തി. മറൈൻ ഡ്രൈവിൽ എത്തുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും അറപ്പുളവാക്കുന്ന രീതിയിൽ പെരുമാറുകയും പെൺകുട്ടികളെ പ്രലോഭിപ്പിച്ച് പെൺവാണിഭം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന സെക്‌സ് മാഫിയക്കെതിരെയാണു പ്രതിഷേധപ്രകടനം നടത്തിയെതെന്നും ഇതിനെ സദാചാര ഗുണ്ടായിസമായി ചിത്രീകരിച്ചതു പ്രതിഷേധാർഹമാണെന്നും ശിവസേന ജില്ലാ കമ്മിറ്റി അറിയിച്ചു.

related stories
Your Rating: