Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈവാഹിക വെബ്സൈറ്റുകൾ ഗവ. മാർഗനിർദേശങ്ങൾ പാലിക്കണം

Representative Image

തിരുവനന്തപുരം∙ വൈവാഹിക വെബ്സൈറ്റുകൾ നടത്തുന്നതിനും ഉപയോഗിക്കുന്നതിനും സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വൈവാഹിക സൈറ്റുകൾ ദുരുപയോഗം ചെയ്തു നടത്തുന്ന തട്ടിപ്പുകൾ തടയുക എന്ന ഉദ്ദേശ്യത്തോടെയാണിത്.

വിവാഹ വെബ്സൈറ്റുകൾ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഉപയോക്തൃ കരാറും സ്വകാര്യതാ നയവും വികസിപ്പിക്കണം. ഉപയോക്താക്കളുടെ വ്യക്തിഗത വിവര സംരക്ഷണത്തിനായുള്ള വെബ്സൈറ്റിലെ നിയന്ത്രണങ്ങളും നടപടികളും നയങ്ങളും സ്വകാര്യതാ നയത്തിലൂടെ വ്യക്തമാക്കണം.

ഉപയോക്തൃ റജിസ്ട്രേഷന്റെ ഭാഗമായി റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ സ്ഥിരീകരിക്കണം. ഉപയോക്താവിന്റെ വ്യക്തിഗത തിരിച്ചറിയൽ രേഖ, മേൽവിലാസം തുടങ്ങിയവ തെളിയിക്കുന്ന അനുബന്ധ രേഖകളുടെ ശരിപ്പകർപ്പുകൾ സമർപ്പിക്കണം. വെബ്സൈറ്റ് വൈവാഹിക ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുക എന്ന കർശന നിർദേശം നൽകിയിരിക്കണമെന്നും നിർദേശമുണ്ട്.

തട്ടിപ്പുകളെക്കുറിച്ചും സുരക്ഷാ നിർദേശങ്ങളെക്കുറിച്ചും ഉപയോക്താക്കൾക്കു നിരന്തരം വിവരം നൽകണം. വെബ്സൈറ്റിലെ വിവരങ്ങൾ ശരിയാണോ എന്ന് ഉപയോക്താക്കൾതന്നെ സ്ഥിരീകരിക്കണമെന്നു വെബ്സൈറ്റിൽ വ്യക്തമാക്കണം. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനു റിപ്പോർട്ട് ചെയ്യണം.

വെബ്സൈറ്റുകൾ പരാതിപരിഹാര ഓഫിസറെ നിയമിച്ച് അദ്ദേഹത്തെ ബന്ധപ്പെടേണ്ട വിവരങ്ങളും പരാതിപരിഹാര മാർഗങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. വെബ്സൈറ്റിന്റെ ഓൺലൈൻ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനു വിവിധ സാങ്കേതിക സുരക്ഷാ നിയന്ത്രണങ്ങൾ ഏറ്റെടുക്കണമെന്നും സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടർ അറിയിച്ചു.

related stories