Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹതട്ടിപ്പു നടത്തുന്ന പ്രവാസികൾക്ക് മുന്നറിയിപ്പ്, ‘കുരുക്കിട്ട്’ ഐഎൻഎ

Couple-Representative Image Representative Image

ന്യൂഡൽഹി∙ വിവാഹം ചെയത് ശേഷം രാജ്യം വിട്ടവരും ഭാര്യമാരെ പറ്റിച്ചു മുങ്ങിനടക്കുന്ന പ്രവാസികളുമെല്ലാം കുടുങ്ങിത്തുടങ്ങി. പ്രവാസി വിവാഹതട്ടിപ്പുകൾക്കു കടിഞ്ഞാണിടാനുള്ള കർശന തീരുമാനങ്ങൾക്കു പിന്നാലെ, വനിതാ ശിശുക്ഷേമ മന്ത്രാലയം ലുക്കൗട്ട് നോട്ടീസുകളും അയച്ചു തുടങ്ങി. ഇതുസംബന്ധിച്ച പരാതികൾ പരിഗണിച്ച ഇന്റഗ്രേറ്റഡ് നോഡൽ ഏജൻസി(ഐഎൻഎ) ഇന്നലെ ഒരാൾക്ക് ലുക്കൗട്ട് നോട്ടീസ് നൽകി. 

പ്രവാസി(എൻആർഐ) വിവാഹത്തട്ടിപ്പുകൾക്കു കടിഞ്ഞാണിടാൻ വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിക്കുന്ന ഐഎൻഎയുടേതാണ് തീരുമാനം. ഏപ്രിലിനു മുൻപ് ആറു കേസുകളിൽ ഇവർ ലുക്കൗട്ട് നോട്ടീസ് നൽകിയിരുന്നു.

ജൂൺ പകുതിയോടെ സുഷമ സ്വരാജും മേനക ഗാന്ധിയും അടക്കമുള്ള മന്ത്രിമാർ സംയുക്ത യോഗം ചേർന്നാണു നടപടി കർശനമാക്കാൻ തീരുമാനിച്ചത്. കൂടുതൽ പരാതികൾ പരിഗണിക്കാനും ആവശ്യമെങ്കിൽ ലുക്കൗട്ട് നോട്ടീസ് അയയ്ക്കാനും ഈ യോഗം ശുപാർശ ചെയ്തതിന്റെ തുടർച്ചയാണ് തീരുമാനം. വനിതശിശു ക്ഷേമ മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവയുടെ നേതൃത്വത്തിലായിരുന്നു യോഗം. 

നേരത്തെ, ഐഎൻഎ ലുക്കൗട്ട് നോട്ടീസ് നൽകിയ അഞ്ചുപേരുടെ പാസ്പോർട്ട് കണ്ടെടുക്കാൻ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചിരുന്നു. വിവാഹതട്ടിപ്പു സംബന്ധിച്ച പരാതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടു സമൻസ് അയച്ചിട്ടും പ്രതികരിക്കാത്ത പ്രവാസികൾക്കാണ് സാധാരണഗതിയിൽ ലുക്കൗട്ട് നോട്ടീസ് നൽകുന്നത്.

സ്ത്രീ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എംബസിയെ ബന്ധപ്പെടുകയായിരുന്നു നേരത്തേ പതിവ്. തെറ്റായ വിലാസം നൽകുന്നതു വഴിയോ സ്ഥലം മാറുന്നതു വഴിയോ ഇവരെ ബന്ധപ്പെടാൻ കഴിയില്ലെന്ന മറുപടിയാണു പതിവായി ലഭിക്കാറുള്ളൂവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു മന്ത്രാലയം നേരിട്ടിടപ്പെടുന്നത്. 

എൻആർഐക്കാരുടെ വിവാഹത്തട്ടിപ്പിന്റെ എണ്ണത്തിൽ വ്യാപകവർധന ഉണ്ടായതിന്റെ കൂടി അടിസ്ഥാനത്തിലാണ് നീക്കം. ഇന്ത്യയ്ക്കു പുറത്തു നിന്നു മാത്രം 2015നു ശേഷം മൂവായിരത്തി അഞ്ഞൂറോളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്.

ഭർത്താവിനെ കാണാതായി, മറ്റൊരു വിവാഹം ചെയ്തു, ഭർത്താവ് പാസ്പോർട്ട് പിടിച്ചുവച്ചതു മൂലം യാത്ര മുടങ്ങി തുടങ്ങി ഒട്ടേറെ പരാതികളുണ്ട്. ഭർത്താവ് മറ്റു രാജ്യങ്ങളിലേക്കു കടന്നു കളഞ്ഞതും കുട്ടികളുടെ കാര്യം നോക്കാത്തതടക്കം പാരാതികൾ വേറെ. ഭർത്താവ് ഉപേക്ഷിക്കുക, പീഡിപ്പിക്കുക, വിവാഹത്തിനു മുമ്പും ശേഷവും സ്‌ത്രീധനം ആവശ്യപ്പെടുക തുടങ്ങിയവയാണ് ഇന്ത്യയ്ക്കുള്ളിൽ നിന്നെത്തുന്ന പരാതികൾ.