സാധാരണ തട്ടിപ്പുകേസ് മാത്രമെങ്കിൽ സോളർ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘമെന്തിന്: കമ്മിഷൻ

കൊച്ചി ∙ സാധാരണ തട്ടിപ്പു കേസായിരുന്നെങ്കിൽ സോളർ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്തിനെന്നു സോളർ അന്വേഷണ കമ്മിഷൻ ജസ്റ്റിസ് ജി. ശിവരാജൻ. കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) തലവനായിരുന്ന ‍‍ഡിജിപി എ. ഹേമചന്ദ്രനെ വിസ്തരിക്കവെയാണു കമ്മിഷന്റെ പരാമർശം.

എസ്ഐടിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനു ഹേമചന്ദ്രൻ നൽകിയ മറുപടിയാണു കമ്മിഷന്റെ വിമർശനത്തിന് ഇടയാക്കിയത്. സോളർ തട്ടിപ്പു സംബന്ധിച്ചു വിവിധ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത 33 ക്രിമിനൽ കേസുകൾ സിആർപിസി പ്രകാരം അന്വേഷിക്കുകയായിരുന്നു എസ്ഐടിയുടെ ഉത്തരവാദിത്തം. ക്രിമിനൽ കേസിന്റെ പ്രതിപട്ടികയിൽ ആരെയെല്ലാം ഉൾപ്പെടുത്തണം, ആരെയെല്ലാം ഉൾപ്പെടുത്തേണ്ട എന്നു തീരുമാനിക്കേണ്ടത് അന്വേഷണത്തിലൂടെയാണ്. തെളിവ് നിയമത്തിന്റെ പരിധി അന്വേഷണ സംഘത്തിനു ബാധകമാണെന്നും ഹേമചന്ദ്രൻ വ്യക്തമാക്കി. ഈ മറുപടിയിൽ തൃപ്തനാകാതെയാണു ജസ്റ്റിസ് ജി. ശിവരാജൻ വിമർശനം ഉയർത്തിയത്.

പരാതിയുണ്ടെങ്കിലോ അന്വേഷണമധ്യേ കൂടുതൽ തെളിവു ലഭ്യമായാലോ മാത്രമേ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താൻ സാധിക്കുവെന്നാണു കമ്മിഷനിൽ മൊഴി നൽകാനെത്തിയ സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർ പറയുന്നത്. കേസിന്റെ നിജസ്ഥിതി പുറത്തെത്താൻ മുഴുവൻ കാര്യങ്ങളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിനു ബാധ്യതയില്ലേയെന്നും കമ്മിഷൻ ചോദിച്ചു. സോളർ കേസുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്തിരിക്കുന്ന 33ൽ മൂന്നു കേസുകളിൽ മാത്രമാണു വ്യക്തമായ തെളിവും ഗൗരവവുമുള്ളതെന്നാണു കണ്ടെത്തൽ. ഏഴു കേസുകളിൽ ഒരു തെളിവുപോലും ലഭിച്ചില്ലെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നെ മൊഴി നൽകിയിട്ടുണ്ട്. സാധാരണ തട്ടിപ്പു കേസാണെങ്കിൽ എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്തിനെന്നു കമ്മിഷൻ ചോദിച്ചു.

സോളർ തട്ടിപ്പുമായി ബന്ധപ്പെട്ടു നിയമസഭയ്ക്കകത്തും പുറത്തും നടന്ന ആരോപണങ്ങൾക്കു കഴമ്പുണ്ടോ, അങ്ങനെയെങ്കിൽ ഉത്തരവാദികൾ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തുന്നതിനാണു സർക്കാർ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്റെ അന്വേഷണം ശരിയായി പൂർത്തിയാക്കാൻ ഇതുമായി ബന്ധപ്പെട്ടു രൂപീകരിച്ച എസ്ഐടിയുടെ നടപടികളും മനസ്സിലാക്കേണ്ടതുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കി. ലോയേഴ്സ് യൂണിയൻ സെക്രട്ടറി ബി. രാജേന്ദ്രനാണ് ഇന്നലെ ഡിജിപി എ. ഹേമചന്ദ്രനെ വിസ്തരിച്ചത്. ഇന്നു സരിത എസ്. നായരെ വിസ്തരിക്കും.