ഡിഎൻഎ ടെസ്റ്റിന് ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്തം ശേഖരിച്ചു

നാദാപുരം ∙ ജിഷ്ണുവിന്റെ മുറിയിൽ കണ്ട രക്തക്കറ ഏതെന്ന് ഉറപ്പു വരുത്താൻ ജിഷ്ണുവിന്റെ മാതാപിതാക്കളായ മഹിജ, അശോകൻ എന്നിവരുടെ രക്ത സാംപിൾ ഡിഎൻഎ പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചു. പാമ്പാടി നെഹ്റു കോളജ് പിആർഒയുടെ മുറിയിൽ കണ്ട രക്തത്തിന്റെ ഗ്രൂപ്പും ജിഷ്ണുവിന്റെ രക്തഗ്രൂപ്പും ഒന്നാണെന്നു തെളിഞ്ഞതോടെയാണിത്.

നാദാപുരം താലൂക്ക് ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെയാണ് രക്തമെടുത്തത്. സീൽ ചെയ്ത രക്ത സാംപിൾ കോടതിക്കു കൈമാറും. കോടതിയായിരിക്കും ഏത് ഫൊറൻസിക് ലാബിൽ വച്ച് പരിശോധന നടത്തണമെന്നു തീരുമാനിക്കുക. എന്നാൽ, പൊലീസും പ്രതികളും ഒത്തുകളിക്കുന്നതു കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്ന് രക്തസാംപിൾ നൽകാനെത്തിയ മഹിജ മാധ്യമങ്ങളോടു പറഞ്ഞു. കോളജുകാരുടെ പണത്തിനാണ് കാക്കിയുടെ മഹത്വത്തിനല്ല പൊലീസ് വില കൽപിക്കുന്നതെന്നും കുറ്റപ്പെടുത്തി.

അന്വേഷണ ഉദ്യോഗസ്ഥരെത്തിയ ഉടൻ യൂത്ത് കോൺഗ്രസ്, കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. യൂത്ത് കോൺഗ്രസുകാർ ആശുപത്രി വരാന്തയിൽ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കി. യൂത്ത് ലീഗുകാർ ജിഷ്ണു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രകടനം നടത്തി. വൻ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.