പുനലൂർ – പാലക്കാട് എക്സ്പ്രസ് ട്രെയിൻ ജനുവരി രണ്ടാംവാരം മുതൽ

കൊല്ലം ∙ പുനലൂരിൽ നിന്നു കോട്ടയം വഴി പാലക്കാട്ടേക്കുള്ള എക്സ്പ്രസ് ട്രെയിൻ ജനുവരി രണ്ടാം വാരത്തോടെ സർവീസ് ആരംഭിക്കുമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പുനലൂരിൽ നിന്ന് എറണാകുളത്തേക്ക് അനുവദിച്ച ട്രെയിനാണു പാലക്കാടുവരെ നീട്ടാൻ തീരുമാനിച്ചത്. ദിവസവും രാവിലെ 4.15നു പുനലൂരിൽ നിന്നു സർവീസ് ആരംഭിക്കും. 5.45നു കൊല്ലത്തെത്തും. 9.45ന് എറണാകുളം സൗത്തിലും 12.20നു ഷൊർണൂരിലും 1.20നു പാലക്കാട്ടും എത്തിച്ചേരും. വൈകിട്ടു നാലിനു പാലക്കാട്ടു നിന്നു തിരിക്കുന്ന ട്രെയിൻ അഞ്ചിനു ഷൊർണൂരിൽ എത്തും.

7.10ന് എറണാകുളത്തും രാത്രി 11.30നും കൊല്ലത്തും 1.10നു പുനലൂരിലും എത്തും. സമയപ്പട്ടിക ദക്ഷിണ റയിൽവേയ്ക്കു സമർപ്പിച്ചിട്ടുണ്ടെങ്കിലും ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം. തുടക്കത്തിൽ 22 സ്റ്റോപ്പുകളാണുള്ളത്. പാലരുവി എക്സ്‌പ്രസ് എന്ന പേരു നൽകണമെന്ന് റെയിൽവേ ബോർഡിനോട് ആവശ്യപ്പെടുമെന്ന് കൊടിക്കുന്നിൽ പറഞ്ഞു. മുൻപേ തീരുമാനമായിരുന്നെങ്കിലും സമയക്രമത്തെക്കുറിച്ചു ദക്ഷിണ റയിൽവേയുമായുണ്ടായ അഭിപ്രായവ്യത്യാസമാണു സർവീസ് വൈകാൻ ഇടയാക്കിയത്.

രാവിലെ 4.10ന് എറണാകുളത്തുനിന്നു പുറപ്പെട്ടു 9.35നു പുനലൂരിലുമെത്തിയ ശേഷം തിരിച്ചു 11.15നു പുറപ്പെട്ടു വൈകിട്ടു 5.45ന് എറണാകുളത്ത് എത്തുന്ന സർവീസാണു റെയിൽവേ നിർദേശിച്ചിരുന്നത്. ഈ സമയക്രമം യാത്രക്കാർക്കു ഗുണകരമാകില്ലെന്നു കൊടിക്കുന്നിലിന്റെ നിലപാടാണു പുതിയ സമയം തീരുമാനിക്കുന്നതിന് ഇടയാക്കിയത്. വൈകിട്ടു വേണാട് എക്സ്‌പ്രസും കോട്ടയത്തേക്കും കൊല്ലത്തേക്കുമുള്ള രണ്ടു പാസഞ്ചർ ട്രെയിനുകളും ആറു മണിക്കു മുൻപേ പുറപ്പെട്ടു കഴിഞ്ഞാൽ എറണാകുളത്തു നിന്ന് കോട്ടയം പാതയിൽ മറ്റു ട്രെയിനുകളില്ല.