ജിഷ്ണു കോപ്പിയടിച്ചതായി വിവരമില്ല: സാങ്കേതിക സർവകലാശാല

തിരുവില്വാമല (തൃശൂർ) ∙ പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥി ജിഷ്ണു പ്രണോയ് കോപ്പിയടിച്ചതായി അറിയില്ലെന്നു സാങ്കേതിക സർവകലാശാല റജിസ്ട്രാർ ജി.പി.പത്മകുമാർ, പരീക്ഷാ കൺട്രോളർ എസ്.ഷാബു എന്നിവർ പറഞ്ഞു. മന്ത്രി സി.രവീന്ദ്രനാഥിന്റെ നിർദ്ദേശപ്രകാരം കോളജ് സന്ദർശിക്കാനെത്തിയതായിരുന്നു അവർ. കോപ്പിയടിച്ചുവെന്ന് ആരോപിച്ചു മാനേജ്മെന്റ് ശാസിച്ചതിനെത്തുടർന്നു ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് ആരോപണം.

കോപ്പിയടി നടന്നാൽ ഉടൻ സർവകലാശാലയിലേക്കു ഫോൺ സന്ദേശം നൽകുകയും പിന്നീടു രേഖാമൂലം അറിയിക്കുകയും വേണം. ഇതൊന്നും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ കോപ്പിയടിച്ചതായി പറയാനാകില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. വിശദ റിപ്പോർട്ട് റജിസ്ട്രാർ സർക്കാരിനു സമർപ്പിക്കും. ജിഷ്ണുവിന്റെ മരണത്തെത്തുടർന്നു വിദ്യാർഥി സംഘടനകൾ തിങ്കളാഴ്ച കോളജിലേക്കു നടത്തിയ മാർച്ച് സംഘർഷത്തിനും കല്ലേറിനുമിടയാക്കിയിരുന്നു. അതിനി‌ടെ കോളജ് ലേഡീസ് ഹോസ്റ്റല്‍ അടച്ചിടാൻ മാനേജ്മെന്റ് നടത്തിയ ശ്രമം പൊലീസ് ഇടപെട്ടു ത‌ടഞ്ഞു. വിദ്യാർഥി സംഘടനകളുടെ എതിർപ്പിനെത്തുടർന്നാണു പൊലീസ് ഇടപെട്ടത്.

പരീക്ഷ നടക്കുന്ന സമയമായതുകൊണ്ടും രക്ഷിതാക്കളെ അറിയിക്കാത്തതുകൊണ്ടും ഹോസ്റ്റൽ അടയ്ക്കാനാകില്ലെന്നു പൊലീസ് വ്യക്തമാക്കി. ഹോസ്റ്റൽ അടയ്ക്കാനുള്ള ശ്രമം സംഘർഷത്തിനിടയാക്കിയിരുന്നു. കോളജ് മാനേജ്മെന്റ്, അധ്യാപകർ, വിദ്യാർഥികൾ, മറ്റു ജീവനക്കാർ എന്നിവരിൽനിന്നെല്ലാം സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മാനേജ്മെന്റ് തങ്ങളെ പല കാരണങ്ങളാൽ നിരന്തരമായി പ്രയാസപ്പെടുത്തിയിരുന്നുവെന്നു വിദ്യാർഥികൾ ഉദ്യോഗസ്ഥ സംഘത്തെ അറിയിച്ചു.

എതിർക്കുന്നവരെ നേരിടാനായി ഇടിമുറിയുണ്ടെന്ന ആരോപണം സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളൊന്നും വിദ്യാർഥികൾ ഉന്നയിച്ചില്ലെന്നു തെളിവെടുപ്പു നടത്തിയവർ വ്യക്തമാക്കി. വെള്ളിയാഴ്ച മുതലുള്ള കാര്യങ്ങൾ കോളജിലെ വിവിധ തലങ്ങളിൽനിന്നു ശേഖരിച്ചെന്നും ഇതുസംബന്ധിച്ചു വൈസ് ചാൻസലർക്കു റിപ്പോർട്ട് സമർപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറ‌ഞ്ഞു.