വിദേശമദ്യ വിൽപനശാലകൾ മാറ്റിത്തുടങ്ങി

തിരുവനന്തപുരം∙ സുപ്രീംകോടതി വിധിയെ തുടർന്നു ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ഒൗട്ട്‌ലെറ്റുകൾ ബവ്റിജസ് കോർപറേഷൻ മാറ്റിത്തുടങ്ങി. പാലക്കാട് കൊടുവായൂരിലെ ഒൗട്ട്‌ലെറ്റ് എട്ടന്നൂരിലേക്കു മാറ്റി. നിയമ വകുപ്പിന്റെ ഉപദേശമനുസരിച്ചാവും വിധിക്കെതിരെ അപ്പീൽ പോകണമോയെന്നു സർക്കാർ തീരുമാനിക്കുക.

ഒരു മാസത്തിനകം എല്ലാ ഒൗട്ട്‌ലെറ്റുകളും മാറ്റുമെന്നു ബെവ്കോ മാനേജിങ് ഡയറക്ടർ എച്ച്.വെങ്കിടേഷ് പറഞ്ഞു. ആദ്യ പടിയായാണ് ഏറെ പ്രതിഷേധങ്ങൾ നേരത്തേ തന്നെ ഉണ്ടായിരുന്ന കൊടുവായൂരിലെ ഔട്ട്‌‌ലെറ്റ് മാറ്റിയത്. ഔട്ട്‌‌ലെറ്റുകൾക്കു പുതിയ സ്ഥലം കണ്ടെത്തുക എന്നതാണു കോർ‌പറേഷൻ നേരിടുന്ന പ്രധാന വെല്ലുവിളി.

ഒഡീഷ പോലുള്ള ചില സംസ്ഥാനങ്ങൾ അപ്പീലുമായി സുപ്രീംകോടിയെ സമീപിക്കുമെന്നു സൂചന ലഭിച്ചിട്ടുണ്ട്. ഇതിൽ കക്ഷി ചേരണമോയെന്നത് അടക്കമുള്ള കാര്യങ്ങളിൽ നിയമ‌‌വകുപ്പിന്റെ ഉപദേശത്തിനുശേഷമാകും സർക്കാർ തീരുമാനമെടുക്കുക. ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മാർച്ച് 31നുശേഷം മദ്യഷാപ്പുകൾ പാടില്ലെന്നാണു സുപ്രീം കോടതി വിധി.