കേരളത്തിന്റെ സാമൂഹികമാറ്റം പഠിക്കാൻ 4 സിപിഎം സമിതികൾ

തിരുവനന്തപുരം∙ കേരളത്തിന്റെ സാമൂഹികഘടനയിലെ മാറ്റങ്ങൾ പഠിക്കാനായി നാലു കമ്മിഷനുകളെ നിയോഗിക്കാൻ സിപിഎം തീരുമാനിച്ചു. നാട് മാറുന്നത് അനുസരിച്ചു പാർട്ടി പ്രവർത്തന ശൈലിയിലും നയത്തിലും മാറ്റം കണ്ടുള്ള നീക്കമാണിത്.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ നേതൃത്വത്തിലുളള സമിതികളിൽ വിവിധ മേഖലകളിലെ വിദഗ്ധരുണ്ടാകും. കൃഷി, വ്യവസായം, നഗരവൽക്കരണം, പ്രവാസി എന്നിവയാണു നാലുമേഖലകൾ. ഇന്ത്യൻ സമൂഹത്തിലെ മാറ്റങ്ങളെക്കുറിച്ചു കേന്ദ്രകമ്മിറ്റി നടത്തിയ പഠനത്തിന്റെ ചുവടുപിടിച്ചാണ് ഈ നീക്കം. വിദഗ്ധരുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ആശയവിനിമയം തുടങ്ങി.

ഉദാരവൽക്കരണത്തിനു ശേഷം കേരളത്തിന്റെ സാമൂഹിക ഘടന ആകെ പൊളിച്ചെഴുതപ്പെട്ടുവെന്ന വിലയിരുത്തലിൽ നേതൃത്വം എത്തിയതിനെത്തുടർന്നാണ് അതു പഠിക്കാനുള്ള തീരുമാനം. പരമ്പരാഗത തൊഴിൽ മേഖലയ്ക്ക് ഊന്നൽ കൊടുത്തുള്ള നയപരിപാടികളാണ് ഇവിടെ സിപിഎമ്മിന്റേതെങ്കിൽ ഇന്നു തൊഴിലിനെക്കുറിച്ചുള്ള സങ്കൽപം തന്നെ മാറി. യുവാക്കൾ എത്തുന്ന തൊഴിൽ മേഖലകൾ വ്യത്യസ്തം. ഭൂപരിഷ്കരണത്തിനു ശേഷമുള്ള അതേ സ്ഥിതിയല്ല കാർഷികമേഖലയിലേത്. കാലാവസ്ഥാ വ്യതിയാനമടക്കം കൃഷിയെ ബാധിക്കുന്നു. കർഷകത്തൊഴിലാളികളാകാൻ യുവാക്കൾ തയാറാകുന്നില്ല.

ഗ്രാമങ്ങൾ തന്നെ ചെറുപട്ടണങ്ങളാകുന്ന പ്രതിഭാസമാണ് നഗരവൽക്കരണവുമായി ബന്ധപ്പെട്ടു പ്രധാനമായുള്ളത്. ഇടത്തരം ധനികവർഗം എന്ന ശക്തമായ വിഭാഗം ഉയർന്നുവന്നു. 50 ലക്ഷത്തോളം വരുന്ന പ്രവാസികളാണു കേരളത്തിന്റെ അടിത്തറ എങ്കിൽ അവർ തിരിച്ചുവരുന്ന പുതിയ സാഹചര്യവും നേരിടുന്നു.

ഇതെല്ലാം വിലയിരുത്തിക്കൊണ്ടാണ് കമ്മിഷനുകളെ നിയോഗിക്കുന്നത്. റിപ്പോർട്ടുകൾ സംസ്ഥാന കമ്മിറ്റി പഠിച്ചശേഷം അടുത്ത സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാർട്ടിയാകെ അംഗീകരിച്ചു ശൈലീ മാറ്റത്തിലേക്കു കടക്കണമെന്നാണു പാർട്ടി നേതൃത്വത്തിന്റെ ചിന്ത.