കേന്ദ്രകമ്മിറ്റി നൽകിയതു വിഎസിന്റെ സന്ദേഹത്തിനുള്ള ഉത്തരം: കോടിയേരി

തിരുവനന്തപുരം∙ കേന്ദ്രകമ്മിറ്റി ക്ഷണിതാവായ തനിക്കു സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായം പ്രകടിപ്പിക്കാൻ അവസരമുണ്ടോ എന്ന പാർട്ടിയോടുള്ള വി.എസ്.അച്യുതാനന്ദന്റെ ചോദ്യത്തിനു പ്രതിവിധിയായാണ് ആ ഘടകത്തിലും ക്ഷണിതാവാക്കിയത് എന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിഎസിനെ ക്ഷണിതാവാക്കിയതിനു പിന്നിലെ കാരണം വാർത്താ സമ്മേളനത്തിലെ ചോദ്യത്തിനു മറുപടിയായാണു കോടിയേരി വെളിപ്പെടുത്തിയത്.

വിഎസ് പാർട്ടിയുടെ ഏറ്റവും സമുന്നത നേതാവാണ്. സ്വാതന്ത്ര്യ സമരകാലം മുതൽ രാഷ്ട്രീയരംഗത്തു നിറഞ്ഞുനിൽക്കുന്ന നേതാവാണ്. ആ പരിഗണന വച്ചാണു കേന്ദ്രകമ്മിറ്റിയിൽ ഇത്തവണ അദ്ദേഹത്തെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയത്. ക്ഷണിതാവെന്ന നിലയിൽ വിഎസ് സംസ്ഥാന കമ്മിറ്റിയിൽ തുടർച്ചയായി പങ്കെടുക്കുന്നുണ്ട്. കേന്ദ്രകമ്മിറ്റിയിൽ അദ്ദേഹം അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. ഇവിടത്തെ സംസ്ഥാന കമ്മിറ്റിയിൽ തനിക്ക് അതിന് അവസരമുണ്ടോ എന്നാണു വിഎസ് ഉയർത്തിയ ചോദ്യം.

കേരളവുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായം പറയാമെന്ന് അതു പരിഗണിച്ച കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. അതുപ്രകാരം അദ്ദേഹത്തിന്റെ ഫോറം സംസ്ഥാന കമ്മിറ്റിയായിരിക്കും. സംസ്ഥാന കമ്മിറ്റിക്കു പുറത്ത് അഭിപ്രായം പറയരുത് എന്നാണോ എന്ന് ചോദിച്ചപ്പോൾ, പുറത്ത് താനും പറയാൻ പാടില്ലല്ലോ എന്നായിരുന്നു കോടിയേരിയുടെ മറുപടി. ഓരോ സഖാക്കളും അതതു പാർട്ടിഘടകത്തിലാണ് അഭിപ്രായം പറയുന്നത്.

ഇക്കാര്യത്തിൽ നിലനിന്ന തർക്കങ്ങൾ അടഞ്ഞ അധ്യായമാണ്. ഇനി പുതിയ അധ്യായം. അതു പാർട്ടിയെ ശക്തിപ്പെടുത്താനാണ്. വിഎസിനെ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാക്കാനുള്ള തീരുമാനം എല്ലാ പാർട്ടി അംഗങ്ങൾക്കും ബാധകമാണ്. എല്ലാവരും അത് അംഗീകരിക്കുമെന്നും സംസ്ഥാന കമ്മിറ്റിയിൽ ചിലർ അഭിപ്രായവ്യത്യാസം പറഞ്ഞതു ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കോടിയേരി വിശദീകരിച്ചു. ഇ.പി.ജയരാജനും പി.കെ.ശ്രീമതിയുമായി ബന്ധപ്പെട്ട ബന്ധുനിയമന ആക്ഷേപം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു കേന്ദ്രകമ്മിറ്റിക്ക് റിപ്പോർട്ട് നൽകും. അന്വേഷണ കമ്മിഷൻ രൂപീകരിക്കുമോ എന്നാരാഞ്ഞപ്പോഴാണു റിപ്പോർട്ട് തയാറാക്കുന്നതു സംസ്ഥാന സെക്രട്ടേറിയറ്റായിരിക്കും എന്നു കോടിയേരി പറഞ്ഞത്.

അടുത്ത കേന്ദ്രകമ്മിറ്റിക്കു മുമ്പ് സംസ്ഥാന സമിതി റിപ്പോർട്ട് നൽകണമെന്നാണു നിർദേശം. അപ്രകാരം ചെയ്യും. ബിജെപിയും ആർഎസ്എസും പറഞ്ഞതനുസരിച്ചു ചെഗുവേരയുടെ ഒരു ചിത്രവും എടുത്തുമാറ്റാൻ ഉദ്ദേശിക്കുന്നില്ല. അതൊരു വെല്ലുവിളിയായി സ്വീകരിച്ചു തന്നെ ചെഗുവേരയുടെ പടങ്ങൾ സ്ഥാപിക്കും.

ജ്ഞാനപീഠ ജേതാവ് എം.ടിക്കെതിരെ പരസ്യമായി അധിക്ഷേപം ചൊരിഞ്ഞവർ സിനിമാരംഗത്തെ ആദരണീയനായ കമലിനെതിരെ വർഗീയവികാരത്തോടെ ആക്രോശിക്കുകയാണ്. ബിജെപിക്കെതിരെ ശബ്ദിക്കുന്നവരുടെ നാവടപ്പിക്കുന്ന സമീപനം ഇവിടെയും നടപ്പാക്കാനാണു നോക്കുന്നത്. പക്ഷേ, കൽബുർഗിമാരെ സൃഷ്ടിക്കാനുള്ള നീക്കം കേരളം അനുവദിക്കാൻ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു.