ചെന്നൈ മെയിലിന്റെ എൻജിൻ തകരാറായി; ട്രെയിൻ ഗതാഗതം ആറു മണിക്കൂറോളം മുടങ്ങി

തൃശൂർ / പാലക്കാട്∙ ചെന്നൈ– തിരുവനന്തപുരം മെയിലിന്റെ എൻജിനിലെ ട്രാക്‌ഷൻ മോട്ടോർ പൊട്ടിവീണതിനെ തുടർന്ന് ഷൊർണൂരിൽ നിന്നു തെക്കോട്ടുള്ള ട്രെയിൻ ഗതാഗതം ഇന്നലെ രാവിലെ ആറു മണിക്കൂറോളം മുടങ്ങി. വടക്കാഞ്ചേരിയിൽ സ്റ്റോപ്പില്ലാത്ത ചെന്നൈ മെയിൽ വടക്കാഞ്ചേരി സ്റ്റേഷൻ കടന്നു പത്താംകല്ലിൽ എത്തിയപ്പോഴാണ് എൻജിനെ മുകളിലെ വൈദ്യുത ലൈനുമായി ബന്ധിപ്പിക്കുന്ന ട്രാക്‌ഷൻ മോട്ടോർ എൻജിന്റെ അടിയിൽനിന്നു പൊട്ടി വലിയ ശബ്ദത്തോടെ പാളത്തിലേക്കു വീണത്.

പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. ഇതോടെ ട്രെയിൻ പാളത്തിൽ നിന്നു. തെക്കുഭാഗത്തേക്കുള്ള റെയിൽ ഗതാഗതവും അതോടെ തടസ്സപ്പെട്ടു. തൊട്ടു പിറകെ വന്നിരുന്ന ഷൊർണൂർ– കൊച്ചിൻ പാസഞ്ചർ വടക്കാഞ്ചേരിയിലും ബെംഗളൂരു– കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്, ചെന്നൈ– ആലപ്പുഴ എക്സ്പ്രസ് എന്നിവ മറ്റു സ്റ്റേഷനുകളിലും പിടിച്ചിട്ടു. കണ്ണൂർ– ആലപ്പുഴ എക്സിക്യൂട്ടിവ്, മംഗലാപുരം– തിരുവനന്തപുരം പരശുറാം എക്സ്പ്രസ്, ഷൊർണൂർ– തിരുവനന്തപുരം വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകളും ഇതുമൂലം വൈകി. ഏഴരയോടെ പാലക്കാട്ടു നിന്നെത്തിയെ റിക്കവറി വാനും എൻജിനീയറിങ് വിദഗ്ധരും ചേർന്നു തകരാറിലായ എൻജിനും ട്രെയിനും പിന്നിലേക്കു വലിച്ചു കൊണ്ടുപോയി വടക്കാഞ്ചേരി റയിൽവേ സ്റ്റേഷനിൽ കൊണ്ടിട്ടു.

പകരം എൻജിൻ ഘടിപ്പിച്ച ശേഷം രാവിലെ 10.43നാണു ചെന്നൈ– തിരുവനന്തപുരം മെയിൽ വടക്കാഞ്ചേരിയിൽ നിന്ന് യാത്ര പുനരാരംഭിച്ചത്. എൻജിൻ തകരാറിലായ ട്രെയിൻ വടക്കാഞ്ചേരിയിൽ വഴിമുടക്കിയതോടെ പിറകെ വന്നിരുന്ന ട്രെയിനുകളിലെ ജോലിക്കാരും വിദ്യാർഥികളും ഉൾപ്പെടെയുള്ള യാത്രക്കാർ പെരുവഴിയിലായി. പലർക്കും യാത്ര പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.

ആലപ്പുഴ എക്സ്പ്രസ് രണ്ടു മണിക്കൂറിലേറെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലും പിന്നീടു മാന്നനൂരിലും പിടിച്ചിട്ടു. കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലായി. യാത്രക്കാർ ചൂടേറ്റു തളർന്നു. ഹൈദരാബാദ്–തിരുവനന്തപുരം ശബരി എക്സ്പ്രസ്, ഖോരഖ്പൂർ–തിരുവനന്തപുരം രപ്തിസാഗർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും ഒറ്റപ്പാലത്തിനും മാന്നനൂരിനും ഇടയിൽ പിടിച്ചിട്ടു.