Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാതിൽപടി വിതരണത്തിന് ആറു ജില്ലകൾ കൂടി സജ്ജം

p-thilothaman

തിരുവനന്തപുരം∙ ഭക്ഷ്യഭദ്രതാ നിയമത്തിൽ അനുശാസിക്കുന്ന വാതിൽപടി വിതരണത്തിനായി ആറു ജില്ലകൾ കൂടി സജ്ജമായതായി ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ അറിയിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഈ മാസം മുതൽ വാതിൽപടി വിതരണം ആരംഭിക്കുന്നത്. മറ്റു ജില്ലകളിൽ അടുത്ത മാസം മുതൽ പദ്ധതി നടപ്പാക്കും.

സപ്ലൈകോയുടെ താലൂക്കുതല ഗോഡൗണിൽ സംഭരിക്കുന്ന ധാന്യം പിന്നീട് റേഷൻ കടകളിൽ സർക്കാർ നേരിട്ട് എത്തിച്ചു കൊടുക്കും. 75 താലൂക്കുകളിലായി 90 ഗോഡൗണുകൾ ഇതിനകം സർക്കാർ കണ്ടെത്തി. സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ, കേന്ദ്ര വെയർ ഹൗസിങ് കോർപറേഷൻ, സഹകരണ സംഘങ്ങൾ എന്നിവരാണു ഗോഡൗണുകൾ സജ്ജീകരിച്ചിട്ടുള്ളത്.

ഗതാഗത കരാർ ഏറ്റെടുക്കുന്ന വാഹനങ്ങളിൽ ജിപിഎസ് സംവിധാനം സജ്ജീകരിക്കുന്നതിനു വേണ്ട ടെൻഡർ നടപടി ആരംഭിച്ചു. വാഹനങ്ങൾ നിരീക്ഷിക്കുന്നതിനു കൺട്രോൾ റൂമുകൾ ഉടൻ നിലവിൽ വരും.

വാതിൽപടി വിതരണം പൂർത്തീകരിക്കുന്ന മുറയ്ക്ക് ആധാർ അധിഷ്ടിതമായതും ബയോമെട്രിക് സാങ്കേതിക വിദ്യയുള്ളതുമായ കംപ്യൂട്ടർവൽക്കരണം റേഷൻ കടകളിൽ നടത്തും. നിലവിൽ 98% റേഷൻ കാർഡുടമകളുടെ ആധാർ സീഡിങ് പൂർത്തീകരിച്ചു. അടുത്ത മാസത്തോടെ മുഴുവൻ കാർഡുടമകളുടെയും ആധാർ സീഡിങ് പൂർത്തീകരിക്കും.

റേഷൻ കാർഡ് വിതരണം അടുത്ത മാസത്തോടെ പൂർത്തീകരിക്കുമെന്നും മുൻഗണനാ പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങൾ പരിഹരിക്കാൻ ജില്ലാതലത്തിൽ അദാലത്ത് നടത്തുന്നതു പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.