പൊലീസിന്റെ 70% അറസ്റ്റും അനധികൃതം: ഇന്റലിജൻസ്

കൊച്ചി ∙ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ രേഖപ്പെടുത്തുന്ന 70% അറസ്റ്റും അനധികൃതമാണെന്ന് ഇന്റലിജൻസ് വിഭാഗം. പെറ്റിക്കേസുകളിലെ അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നു ജില്ലാ പൊലീസ് മേധാവികൾക്കയച്ച രഹസ്യ സർക്കുലറിൽ ഇന്റലിജൻസ് മേധാവി കുറ്റപ്പെടുത്തുന്നു.

റജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഏറെയും പിഴയീടാക്കി ഒഴിവാക്കേണ്ടവയാണ്. ഇങ്ങനെ ചെയ്യാത്തതുമൂലം കേസുകളുടെ എണ്ണം പെരുകി പ്രധാന കേസുകളുടെ അന്വേഷണത്തിൽ ഗുരുതര വീഴ്ച സംഭവിക്കുന്നു. അന്വേഷണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും കേസുകളുടെ ബാഹുല്യം കുറയ്ക്കുന്നതിനും താഴേത്തട്ടിൽ സൗകര്യമൊരുക്കണം എന്നാണു ജില്ലാ പൊലീസ് മേധാവികൾക്കുള്ള നിർദേശം.

കേസുകളുടെ എണ്ണത്തിലുള്ള വർധനയാണ് ക്രമസമാധാന നില തകരാറിലായി എന്ന പ്രചാരണത്തിന് അടിസ്ഥാനമെന്ന് ഇന്റലിജൻസ് പറയുന്നു. ഈ പ്രചാരണം ജനങ്ങൾക്കു സർക്കാരിനോടു വിശ്വാസക്കുറവുണ്ടാകാൻ ഇടയാക്കുന്നു. പരാതിയില്ലാതെ, പൊലീസ് ഉദ്യോഗസ്ഥർ സ്വമേധയാ റജിസ്റ്റർ ചെയ്യുന്നവയാണു കേരളത്തിലെ നല്ലൊരു ശതമാനം കേസുകളും.

എന്നാൽ ഇങ്ങനെ റജിസ്റ്റർ ചെയ്യുന്ന മിക്ക കേസുകളും നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ തള്ളിപ്പോകുന്നതു പതിവാണ്. ഉദാഹരണത്തിന്, മദ്യപിച്ചു വാഹനമോടിച്ചതിനു പിടികൂടുന്നയാളെ ഡോക്ടറെ കാണിച്ചു സാക്ഷ്യപത്രം വാങ്ങാതെ സ്റ്റേഷനുകളിലെ ആൽക്കോ മീറ്റർ ഉപയോഗിച്ചാണു പരിശോധിക്കുന്നത്. പ്രതികൾ കോടതിയെ സമീപിക്കുമ്പോൾ, ഡോക്ടർ പരിശോധിച്ചവ ഒഴികെയുള്ള കേസുകൾ തള്ളിപ്പോകുകയാണ്.

ഒരേ അച്ചിൽ വാർത്തെടുത്തതു പോലെയുള്ള മൊഴികളും കേസ് ഡയറികളും കുറ്റപത്രങ്ങളുമാണ് കോടതിയിലെത്തുന്നത്. ഇത്തരം കേസുകളുടെ പിന്നാലെ നടന്നു സമയം കളയുന്നതുമൂലം പ്രധാന കേസുകളുടെ തെളിവു നഷ്ടപ്പെടാനും ഇരകൾക്കു നീതി നിഷേധിക്കപ്പെടാനും ഇടയാകുന്നു.

മദ്യപിച്ചു വാഹനമോടിച്ചതും പൊതുസ്ഥലത്തു മദ്യപിച്ചതും പൊതുസ്ഥലത്തു ശല്യമുണ്ടാക്കിയതും ഉൾപ്പെടെയുള്ള കേസുകളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ, പിഴയടപ്പിച്ച് നിയമ നടപടികൾ അവസാനിപ്പിക്കണമെന്നാണ് ഇന്റലിജൻസിന്റെ നിർദേശം.

ജില്ലാ പൊലീസ് മേധാവികൾ സ്റ്റേഷനുകളിലേക്കു ക്വോട്ട നിശ്ചയിച്ചു കേസെടുപ്പിക്കുന്ന രീതിയാണു സംസ്ഥാനത്തുള്ളത്. ഇക്കാരണത്താൽത്തന്നെ ഇന്റലിജൻസ് നിർദേശം നടപ്പാകണമെന്നില്ല. എണ്ണം തികയ്ക്കാനായി കേസെടുക്കാൻ പൊലീസുകാർ നിർബന്ധിതരാകുന്ന സ്ഥിതിയുണ്ട്. അഞ്ചുപേർ ചേർന്ന് വാഹനത്തിലിരുന്നു മദ്യപിച്ചാൽ അഞ്ചു കേസായി റജിസ്റ്റർ ചെയ്ത് എണ്ണം കൂട്ടുന്ന രീതിയുണ്ട്. എണ്ണം തികയ്ക്കാൻ കള്ളക്കേസ് എടുക്കേണ്ടിവരുമെന്നു പൊലീസുകാ‍രും സമ്മതിക്കും.

ഓരോ സ്റ്റേഷനിലും പ്രതിവർഷം രണ്ടായിരത്തിനു മുകളിൽ കേസ് റജിസ്റ്റർ ചെയ്യുന്നു. എന്നാൽ ഒരു ശതമാനം കേസിൽ പോലും ആരും ശിക്ഷിക്കപ്പെടുന്നില്ല എന്നതാണു വസ്തുത. മേലുദ്യോഗസ്ഥനെ തൃപ്തിപ്പെടുത്താൻ കഴിയുമെങ്കിലും പൊലീസിന്റെയും കോടതിയുടെയും ജോലിഭാരം അനാവശ്യമായി വർധിക്കുന്നുവെന്ന വാദം ശരിവയ്ക്കുന്നതാണ് ഇന്റലിജൻസിന്റെ നിരീക്ഷണം.