സംവിധായകൻ ജയസൂര്യയെ പൊലീസ് മർദിച്ചെന്നു പരാതി

ചേർത്തല ∙ ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനു കുടുംബത്തോടൊപ്പം കാറിൽ പോവുകയായിരുന്ന സിനിമാസംവിധായകൻ എസ്എൽ പുരം ജയസൂര്യയെ കാറിൽനിന്നു പിടിച്ചിറക്കി പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചതായി പരാതി. 

മുഖത്ത് അടിയേറ്റ ജയസൂര്യ ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചേർത്തല ഡിവൈഎസ്പിക്കു പരാതി നൽകുകയും ചെയ്തു. പ്രസിദ്ധ തിരക്കഥാകൃത്ത് എസ്എൽ പുരം സദാനന്ദന്റെ മകനാണു ജയസൂര്യ. 

ദേശീയപാതയിൽ എരമല്ലൂർ ജംക്‌ഷനു സമീപം ഇന്നലെ ഉച്ചയോടെയാണു സംഭവം. ഇവിടെ സിഗ്നൽ പോയിന്റിൽ കാത്തുകിടക്കുകയായിരുന്നു ജയസൂര്യയുടെ കാർ. സിഗ്നൽ ലഭിച്ചു കാർ മുന്നോട്ടെടുക്കുമ്പോൾ പിന്നിൽ ലോറി ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ കാർ നിയന്ത്രണംവിട്ട് അരികിലൂടെ വന്ന ബൈക്കിൽ തട്ടി യാത്രികൻ മറിഞ്ഞുവീഴുകയുമായിരുന്നെന്നു പറയുന്നു.

ജംക്‌ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഓടിവന്ന് അസഭ്യം പറയുകയും കാറിന്റെ ഡോർ തുറന്നു ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ജയസൂര്യയെ പിടിച്ചിറക്കി കരണത്ത് അടിക്കുകയുമായിരുന്നെന്നാണു പരാതി. 

ഷർട്ടിനു കുത്തിപ്പിടിച്ച് അരൂർ സ്റ്റേഷനിലേക്കു കൊണ്ടുപോയതായും അമ്മയും ഭാര്യയും രണ്ടു മക്കളും കാൺകെയായിരുന്നു മർദനമെന്നും പരാതിയുണ്ട്. വാഹനത്തിന്റെ രേഖകൾ ഹാജരാക്കിയശേഷമാണു വിട്ടയച്ചത്.