നിലമ്പൂർ – നഞ്ചൻകോട് റെയിൽപാത; സർക്കാർ അവഗണനയ്ക്ക് എതിരെ നാളെ വയനാട്ടിൽ ഹർത്താൽ

കൽപറ്റ ∙ നിലമ്പൂർ – വയനാട് – നഞ്ചൻകോട് റെയിൽപാതയോടുള്ള ഇടതു സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചു നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ വയനാട് ജില്ലയിൽ ഹർത്താലിനു യുഡിഎഫും എൻഡിഎയും ആഹ്വാനം ചെയ്തു. വിശദ പദ്ധതി രേഖയ്ക്കുള്ള (ഡിപിആർ) അനുമതി ലഭിച്ച പാതയായിട്ടും അനുവദിച്ച പണം നൽകാത്ത നടപടി വയനാട്ടിലെ ജനങ്ങളോടുള്ള അവഗണനയും വെല്ലുവിളിയുമാണെന്നു യുഡിഎഫ് ജില്ലാ ചെയർമാൻ സി.പി. വർഗീസ്, കൺവീനർ പി.പി.എ. കരീം എന്നിവർ പറഞ്ഞു.

കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടും നഞ്ചൻകോട് – വയനാട് – നിലമ്പൂർ റെയിൽപാതയെ തകർക്കാനാണ് ഇടതു സർക്കാർ നീക്കമെന്നു ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് സജി ശങ്കർ പറഞ്ഞു.

വയനാട് ജില്ലയിൽ നാളെ പ്രഖ്യാപിച്ച ഹർത്താൽ ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി സർവീസുകളെ ബാധിക്കാൻ സാധ്യത. ഇന്നു രാത്രിയുള്ള സർവീസുകളെ ബാധിക്കില്ലെങ്കിലും നാളെ രാവിലെ കേരളത്തിൽ നിന്നു വരുന്ന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ട്. ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്കു ശേഷമുള്ള ബസുകൾ പതിവു പോലെ സർവീസ് നടത്തും.