കലാഭവൻ മണിയുടെ മരണം: കേസ് സിബിഐ ഏറ്റെടുത്തു

കൊച്ചി∙ നടൻ കലാഭവൻ മണിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച കേസിൽ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി. ഇതുവരെ കേസ് അന്വേഷിച്ച തൃശൂർ ചാലക്കുടി പൊലീസിന്റെ പക്കലുള്ള മുഴുവൻ വിവരങ്ങളും സിബിഐ ശേഖരിച്ചു. ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും.

സിബിഐ തിരുവനന്തപുരം യൂണിറ്റിന്റെ പ്രത്യേക കുറ്റാന്വേഷണ വിഭാഗമാണു കേസ് അന്വേഷണം നടത്തുന്നത്. മണിയുടെ ബന്ധുക്കളുടെ ഹർജിയിൽ ഹൈക്കോടതിയാണു കേസന്വേഷിക്കാൻ സിബിഐയോടു നിർദേശിച്ചത്. കേസിൽ ഇതുവരെ സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ല.

കേസുമായി ബന്ധപ്പെട്ട ഫൊറൻസിക്ക് പരിശോധനാ ഫലങ്ങൾക്കാണു സിബിഐ ഏറെ പ്രാധാന്യം നൽകുന്നത്. പ്രാഥമിക പരിശോധനകൾ കഴിഞ്ഞതിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിക്കുകയാണു സിബിഐയുടെ പതിവ്. 2016 മാർച്ച് ആറിനാണ് മണി ആശുപത്രിയിൽ മരിക്കുന്നത്.

കേസന്വേഷണം ഒരു വർഷം പിന്നിട്ടെങ്കിലും സംഭവത്തിൽ അസ്വാഭാവികമായി ആർക്കെങ്കിലും പങ്കുള്ളതായി ലോക്കൽ പൊലീസ് കണ്ടെത്തിയിട്ടില്ല.