Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശാപ്പുനിയന്ത്രണം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി; ആവശ്യമെങ്കിൽ നിയമനിർമാണം

Pinarayi Vijayan

തിരുവനന്തപുരം /കോട്ടയം ∙ കന്നുകാലികളെ വിൽക്കുന്നതിനും കശാപ്പുചെയ്യുന്നതിനുമുള്ള നിയന്ത്രണങ്ങൾ റദ്ദാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര വിജ്ഞാപന പ്രകാരം, കാർഷികാവശ്യത്തിന് ഉപയോഗിക്കാനാണെന്നു രേഖാമൂലം തെളിവു നൽകിയാലേ ചന്തയിൽ കാലികളെ വിൽക്കാനും വാങ്ങാനും കഴിയൂ.

കർഷകരിൽ തീരെ ചെറിയ ശതമാനത്തിനു മാത്രമേ ഇത്തരം രേഖകൾ ഹാജരാക്കാൻ പറ്റുകയുള്ളൂ. ജില്ലാതലത്തിൽ നിർദേശിച്ചിരിക്കുന്ന മൃഗവിപണന കമ്മിറ്റികളും മേൽനോട്ട കമ്മിറ്റികളും കാലിവ്യാപാരികൾക്കും കാലികളെ കൊണ്ടുപോകുന്നവർക്കുമെതിരെ ആക്രമണം നടത്തിക്കൊണ്ടിരുന്ന ഗോരക്ഷാ സമിതികൾ കയ്യടക്കുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്– കത്തിൽ പറയുന്നു.

കേരളത്തിൽ വലിയ വിഭാഗം ജനങ്ങൾ മാംസാഹാരം കഴിക്കുന്നവരാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. അതിനാൽ, സംസ്ഥാനങ്ങളോട് ആലോചിച്ചു മാത്രമേ ഇത്തരം തീരുമാനം എടുക്കാവൂ. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള ഇത്തരം നടപടി ജനാധിപത്യത്തിനു വലിയ ദോഷമുണ്ടാക്കും.

സംസ്ഥാനങ്ങളുടെ അധികാരത്തിൻമേലുള്ള കടന്നാക്രമണമാണിത്. മതനിരപേക്ഷതയ്ക്കും ഫെഡറലിസത്തിനും എതിരായ നടപടി കൂടിയാണിത്. അതുകൊണ്ടുതന്നെ ഈ നടപടി റദ്ദാക്കണമെന്നു പ്രധാനമന്ത്രിയോടു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കന്നുകാലികളുടെ കശാപ്പ് വിൽപന നിരോധനം സംബന്ധിച്ചുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവ് മറികടക്കുന്നതിനു പ്രതിപക്ഷ സഹകരണത്തോടെ നിയമനിർമാണം നടത്തുമെന്നു മന്ത്രി കെ.രാജു പറഞ്ഞു.

ഭരണഘടന പ്രകാരം മൃഗസംരക്ഷണം സംസ്ഥാനത്തിന്റെ വിഷയമാണ്. കേന്ദ്ര വനം പരിസ്ഥിതിവകുപ്പിന്റെ പുതിയ ഉത്തരവിലൂടെ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തലാണ്. അതിനാൽ ഈ ഉത്തരവ് പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണം. ഇത്തരം ഉത്തരവുകൾക്കു പിന്നിൽ രഹസ്യ അജൻഡയുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ഉത്തരവിനെതിരായ നടപടികളിൽ സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും നൽകുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇത്തരം ഉത്തരവ് കൊണ്ടുവരുന്നതിനു മുൻപു മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചർച്ച നടത്തണമായിരുന്നു. ഉത്തരവ് ഒരിക്കലും നടക്കാൻ പോകുന്നില്ല, കാരണം അത്രത്തോളം സങ്കീർണമാണ് ഈ പ്രശ്നം.

സംസ്ഥാനത്തെ ക്ഷീരമേഖല വൻകുതിച്ചുചാട്ടം നടത്തുന്ന ഈ സമയത്ത് ഇത്തരം നിർദേശങ്ങൾ പിന്നോട്ടടിക്കും. കർഷകനു പ്രയോജനം ലഭിക്കത്തക്കവിധം പാൽവില വർധിപ്പിക്കുന്നതിനു ഭരണ, പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

related stories