Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് ആസ്ഥാനത്ത് നിഴൽയുദ്ധം

തിരുവനനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കാൻ എഐജി വി.ഗോപാലകൃഷ്ണനു സർക്കാർ അനുമതി നൽകിയതിനു പിന്നാലെ എഐജിക്കെതിരെ സെൻകുമാർ നൽകിയ രണ്ടു സിബിഐ അന്വേഷണ ശുപാർശകളും കോടതിയിലേക്ക്. ഗോപാലകൃഷ്ണനു സർക്കാർ നൽകിയ ഉത്തരവിന്റെ പകർപ്പും ആ ഫയലും 48 മണിക്കൂറിനുള്ളിൽ വിവരാവകാശ നിയമ പ്രകാരം നൽകണമെന്നാവശ്യപ്പെട്ടു സെൻകുമാർ സർക്കാരിനു കത്തു നൽകി.

സെൻകുമാർ വിരമിക്കുന്ന ജൂൺ 30 വരെ ഗോപാലകൃഷ്ണൻ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. അതിനിടെ സർക്കാരിന്റെ വിശ്വസ്തനായ എഡിജിപി ടോമിൻ തച്ചങ്കരിക്കു കൂടുതൽ അധികാരങ്ങൾ നൽകി സർക്കാർ ഉത്തരവിട്ടതോടെ പൊലീസ് ആസ്ഥാനത്തെ ഭിന്നത കൂടുതൽ രൂക്ഷമായി. നേരത്തെ പൊലീസ് ആസ്ഥാനത്തു സെൻകുമാർ നടത്തിയ സ്ഥലം മാറ്റം സർക്കാർ മരവിപ്പിച്ചിരുന്നു. ഗോപാലകൃഷ്ണനു നൽകിയ അനുമതി എന്തെന്നു വ്യക്തമാകാനാണു വിവരാവകാശ നിയമപ്രകാരം മുഴുവൻ രേഖകളും സെൻകുമാർ ചോദിച്ചിരിക്കുന്നത്. വിവരാവകാശ നിയമത്തിലെ സെക്‌ഷൻ ഏഴ്(ഒന്ന്) പ്രകാരം ചില കേസുകളിൽ അതിലുൾപ്പെട്ട വ്യക്തികൾക്കു രേഖകൾ 48 മണിക്കൂറിനകം നൽകണമെന്നു വ്യക്തമാക്കിയിട്ടുണ്ട്. അതു പ്രകാരമാണു സെൻകുമാറിന്റെ അപേക്ഷ. രേഖകൾ പരിശോധിച്ചശേഷം തുടർ നടപടി ആലോചിക്കും.

ഡിജിപിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കീഴുദ്യോഗസ്ഥനു സർക്കാർ അനുമതി നൽകിയതു തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. ഗോപാലകൃഷ്ണന്റെ വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ എഴുതിയ പരാമർശത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് അനുമതി. 2012–ൽ ഇതേ പരാതി ഗോപാലകൃഷ്ൺ നൽകിയെങ്കിലും സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഗോപാലകൃഷ്ണനെ മുൻനിർത്തി നടത്തുന്ന നീക്കത്തിനു പിന്നിൽ സർക്കാരെന്ന ധാരണയാണു സെൻകുമാറിനുള്ളത്. ഇതിനിടെ ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ന്യൂറോ സർജൻ ഡോ.മാത്യു ഏബ്രഹാമിനെ 1998ൽ പൊലീസ് കസ്റ്റഡിയിൽ അന്നു മെഡിക്കൽ കോളജ് സിഐ ആയിരുന്ന ഗോപാലകൃഷ്ണൻ മർദിച്ചെന്ന കേസ് സിബിഐക്കു കൈമാറണമെന്ന ഹർജി ഹൈക്കോടതിയിലെത്തിയിട്ടുണ്ട്.

ഗോപാലകൃഷ്ണനെതിരായ ഈ കേസ് സിബിഐക്കു കൈമാറണമെന്നു 2016 മാർച്ചിൽ സെൻകുമാർ സർക്കാരിനു ശുപാർശ നൽകിയിരുന്നു. അതിനു പുറമെ ഗോപാലകൃഷ്ണൻ പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായിരിക്കെ പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന ജി.ആർ.അജിത്തുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. രണ്ടു പേർക്കുമെതിരെ കന്റോൺമെന്റ് പൊലീസ് പ്രത്യേകം കേസുകൾ എടുത്തിരുന്നു. ഇതും സിബിഐക്കു കൈമാറാൻ സെൻകുമാർ കഴിഞ്ഞ വർഷം ശുപാർശ ചെയ്തിരുന്നു. ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ സിബിഐക്കു കൈമാറണമെന്നാണു മാത്യു ഏബ്രഹാമിന്റെ ഹർജി. ഇതിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ക്രൈംബ്രാഞ്ച് മേധാവി, സിബിഐ എന്നിവർക്കു കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.

പൊലീസ് മേധാവി ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകുമ്പോൾ ഗോപാലകൃഷ്ണനെതിരായ രണ്ടു കേസുകളും സിബിഐ അന്വേഷണത്തിന് ഒരു വർഷം മുൻപ് ശുപാർശ ചെയ്തിരുന്ന കാര്യം അറിയിക്കുമെന്നാണു സൂചന. അതോടെ സർക്കാർ നിലപാട് അറിയിക്കേണ്ടി വരും. ചുരുക്കത്തിൽ പൊലീസ് ആസ്ഥാനത്തെ നിഴൽയുദ്ധം ഇനി കോടതി കയറുന്ന സ്ഥിതിയായി. അതേസമയം സെൻകുമാറും തച്ചങ്കരിയുമായുള്ള ഭിന്നത കാരണം പൊലീസ് ആസ്ഥാനത്തെ ഫയലുകളിൽ മിന്നൽ വേഗത്തിലാണു തീർപ്പുണ്ടാകുന്നത്.

തച്ചങ്കരിക്ക് കൂടുതൽ അധികാരങ്ങൾ

തിരുവനന്തപുരം∙ എഡിജിപി ടോമിൻ തച്ചങ്കരിക്കു പൊലീസ് ആസ്ഥാനത്തെ ഐജിയുടെ പൂർണ അധിക ചുമതല നൽകി സർക്കാർ ഉത്തരവായി. ഇതോടെ പൊലീസ് ആസ്ഥാനത്തെ മുഴുവൻ വകുപ്പുകളുടെയും ഭരണപരമായ മേൽനോട്ടം തച്ചങ്കരിക്കായി. മാത്രമല്ല, സംസ്ഥാന പൊലീസ് മേധാവി കാണുന്ന എല്ലാ ഫയലും തച്ചങ്കരിക്കും ലഭിക്കും. ഇപ്പോഴത്തെ ഐജി ബൽറാം കുമാർ ഉപാധ്യായ 34 ദിവസത്തെ അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണു സർക്കാർ ഉത്തരവ്. ഇദ്ദേഹം വഹിച്ചിരുന്ന പൊലീസ് ഹൗസിങ് കൺസ്ട്രക്‌ഷൻസ് കോർപറേഷൻ എംഡിയുടെ ചുമതലയും തച്ചങ്കരിക്കു നൽകി.

പൊലീസ് ആസ്ഥാനത്ത് അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ച് അടക്കം 37 സെക്‌ഷനുകളുണ്ട്. നേരത്തെ ഇതിൽ പകുതി വകുപ്പുകളുടെ ഭരണപരമായ ചുമതല തച്ചങ്കരിക്കും പകുതി ചുമതല ഐജിക്കുമായിരുന്നു. ഐജിയുടെ ചുമതല കൂടി ലഭിച്ചതോടെ എല്ലാ സെക്‌ഷന്റെയും ചുമതലയും ഇദ്ദേഹത്തിനായി. സാധാരണ ഹെഡ്ക്വാർട്ടേഴ്സ് ഐജി പോലുള്ള പ്രധാന തസ്തികയിൽ ഒഴിവു വന്നാൽ സർക്കാർ പകരം നിയമനം നടത്തും. എന്നാൽ ഇപ്പോൾ പകരം നിയമനം നടത്താതെ സെൻകുമാറുമായി ഇടഞ്ഞുനിൽക്കുന്ന തച്ചങ്കരിക്ക് ആ അധികാരം കൂടി നൽകിയിരിക്കുകയാണ്.

related stories