കെ.എം. മാണിയെക്കുറിച്ച് ജി. സുധാകരൻ പറഞ്ഞത്: ‘അന്നു പാടി പോന്നിരുന്നെങ്കിൽ...’

കട്ടപ്പന ∙ കെ.എം. മാണിയെ മുഖ്യസ്ഥാനത്തു കൊണ്ടുവരാൻ എൽഡിഎഫ് ആലോചിച്ചിരുന്നുവെന്ന ധ്വനിയോടെ മന്ത്രി ജി. സുധാകരൻ നെടുങ്കണ്ടത്തിനടുത്തു കല്ലാറിൽ നടത്തിയ പ്രസംഗം ഇങ്ങനെ:

‘മാണിസാറിനെപ്പറ്റി ഞങ്ങൾക്കു വലിയ അഭിപ്രായമാണിപ്പോൾ (കയ്യടി, ചിരി) ഇപ്പോൾ മാത്രമല്ല, മാണിസാറിനോടു ചോദിച്ചുനോക്ക്... 2012ൽ ഞാൻ നിയമസഭയിൽ പ്രസംഗിച്ചു, മാണിസാറ് അന്നതു കേട്ടിരുന്നെങ്കിൽ മാണിസാറിനു ദുഃഖങ്ങളൊന്നുമുണ്ടാകാൻ (പറയുന്നതു വ്യക്തമാകുന്നില്ല) എന്താ ഞാൻ പറഞ്ഞത്? ‘‘ബന്ധുര കാ‍ഞ്ചന കൂട്ടിലാണെങ്കിലും...’’ അതാ ഞാൻ പാടിയത് അവിടെ... ‘‘ബന്ധനം ബന്ധനം തന്നെ പാരിൽ’’. യുഡിഎഫുകാര് അങ്ങയെ സ്വർണനൂലുകൊണ്ടു കെട്ടിയിട്ടാലും അങ്ങേക്കതു ബന്ധനം തന്നെ. അതുകൊണ്ട്, എന്താ പറഞ്ഞത്? ‘‘വിട്ടയയ്ക്കുക കൂട്ടിൽനിന്നെന്നെ, ഞാനൊട്ടു വാനിൽ പറന്നുനടക്കട്ടെ...’’ എന്നു പറയാൻ താമസിച്ചുപോയി (കയ്യടി). അന്ന് അങ്ങനെ അതു പാടിയിട്ട് പോന്നിരുന്നെങ്കിൽ, ഇടക്കാലത്തു കിട്ടുന്ന ഒരു പോസ്റ്റ് നിങ്ങൾക്കു ചിന്തിക്കാൻ കഴിയാത്തതാ, ചെറിയൊരു കാലത്തേക്ക്. അതുകഴിഞ്ഞ് ഇലക്‌ഷനാരുന്നു... സാരമില്ല, ഞങ്ങളുടെ കൂടെ വരാനൊന്നും ഞങ്ങൾ ക്ഷണിച്ചിട്ടില്ല, അതല്ല പ്രശ്നം. മാണിസാറു കഴിവുള്ളയാളാ, ഇതാ മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തെപ്പറ്റി. എത്ര സമയമാ സംസാരിച്ചത് അല്ലേ? അദ്ദേഹം, നിയമസഭേല്? അദ്ദേഹം ഈ അൻപതു വർഷമൊക്കെ കഴിഞ്ഞ ഒരു സമയമില്ലേ, വളരെ കഴിവുള്ളയാളാണ്, സംശയമെന്താ? എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.’

അഭ്യൂഹം സ്ഥിരീകരിക്കപ്പെട്ടു: എം.എം. ഹസൻ

കൊച്ചി ∙ കഴിഞ്ഞ സർക്കാരിന്റെ കാലത്തു കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തയാറായിരുന്നുവെന്ന കേട്ടുകേൾവി മന്ത്രി ജി. സുധാകരന്റെ പ്രതികരണത്തോടെ സ്ഥിരീകരിക്കപ്പെട്ടതായി കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. ഇക്കാലമത്രയും അത് അഭ്യൂഹം മാത്രമായിരുന്നു. ഇപ്പോഴാണു സ്ഥിരീകരിക്കപ്പെടുന്നത്.

സത്യമാണ്; ഇടനിലക്കാരൻ ഞാൻ: പി.സി. ജോർജ്

കോട്ടയം ∙ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചിരുന്നെന്നതു സത്യമാണെന്നും താനായിരുന്നു ചർച്ചകൾക്ക് ഇടനിലക്കാരനെന്നും പി.സി. ജോർജ് എംഎൽഎ. കഴിഞ്ഞ പാർലമെന്റ് തിര‍ഞ്ഞെടുപ്പിനു മുൻപായിരുന്നു നീക്കം. കെ.എം. മാണിക്കു മുഖ്യമന്ത്രിസ്ഥാനവും പാർട്ടിയിലെ മൂന്നു പേർക്കു മന്ത്രി സ്ഥാനവുമായിരുന്നു വാഗ്ദാനം. മാണിയുടെ നിർബന്ധത്തിനു വഴങ്ങിയാണു ചർച്ച നടത്തിയതെന്നും സിപിഎമ്മിനു മാത്രമല്ല സിപിഐക്കും ഈ വിഷയം അറിയാമായിരുന്നെന്നും പി.സി. ജോർജ് പറഞ്ഞു.

പ്രതികരിക്കുന്നില്ല: പി.ജെ. ജോസഫ്

തൊടുപുഴ ∙ മന്ത്രി ജി. സുധാകരന്റെ പരാമർശങ്ങളോടു പ്രതികരിക്കുന്നില്ലെന്നു കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ പറഞ്ഞു.

അറിഞ്ഞിരുന്നില്ല: സിപിഐ

ചേർപ്പ് ∙ കേരള കോൺഗ്രസ് നേതാവ് കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് എൽഡിഎഫ് തീരുമാനിച്ചിരുന്നുവെന്ന കാര്യം സിപിഐ അറിഞ്ഞിരുന്നില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അതു സിപിഎമ്മിന്റെ മാത്രം ചിന്തയാകുമെന്നും സത്യവുമായി കുറേക്കൂടി അടുത്തുനിൽക്കുന്ന കാര്യങ്ങൾ പറയുവാൻ ശ്രദ്ധിക്കണമെന്നും കാനം അഭിപ്രായപ്പെട്ടു. വിവിധ പാർട്ടികളിൽനിന്ന് ഇരുന്നൂറിലേറെ പേർ സിപിഐയിൽ ചേരുന്ന ചടങ്ങ് ചേർപ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.