Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബി മാത്യൂസിന്റെ ആത്മകഥ: നടപടി വേണമെന്ന് ആനി രാജ

Annie Raja

ന്യൂഡൽഹി ∙ സൂര്യനെല്ലി സംഭവത്തിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയെയും കുടുംബത്തെയും കുറിച്ചുള്ള വ്യക്‌തിപരമായ വിവരങ്ങൾ ആത്മകഥയിലൂടെ വെളിപ്പെടുത്തിയതിനും അവരെ അപകീർത്തിപ്പെടുത്തിയതിനും മുൻ ഡിജിപി സിബി മാത്യൂസിനും പുസ്‌തകത്തിന്റെ പ്രസാധകർക്കുമെതിരെ നിയമനടപടിക്കു മുഖ്യമന്ത്രി നിർദേശിക്കണമെന്നു ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ ആവശ്യപ്പെട്ടു.

പീഡനത്തിന് ഇരയാകുന്നവരെ തിരിച്ചറിയുന്നതരം വിവരങ്ങൾ വെളിപ്പെടുത്തുന്നത് അങ്ങേയറ്റത്തെ നിയമലംഘനമാണ്. ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നതു കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥനാണ്. അതു കുറ്റത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. സുപ്രീം കോടതിയിലും കീഴ്‌ക്കോടതിയിലും കേസ് നിലവിലുള്ളപ്പോഴാണു വെളിപ്പെടുത്തലും കേസിനെ ബാധിക്കുന്നതരം പരാമർശങ്ങളും നടത്തിയിരിക്കുന്നത്.

തന്നെ വിമർശിച്ച സ്‌ത്രീകളെ ചാനൽ വിപ്ലവകാരികളെന്നു വിളിച്ചാണു സിബി മാത്യൂസ് അധിക്ഷേപിച്ചിരിക്കുന്നത്. പെൺകുട്ടിയെ വീണ്ടും വീണ്ടും പീഡിപ്പിക്കുന്നതരം പരാമർശങ്ങളാണു പുസ്‌തകത്തിലുള്ളത്. പെൺകുട്ടിയുടെ സ്വകാര്യതയെ കടന്നാക്രമിക്കുന്നതരം പരാമർശങ്ങളും തനിക്കു പെൺകുട്ടിയെക്കുറിച്ചു തോന്നിയതെന്നു പറഞ്ഞു പലകാര്യങ്ങളും പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ പരാമർശങ്ങൾ പുസ്‌തകത്തിൽനിന്നു നീക്കാനും നടപടി വേണം. പി.ജെ.കുര്യനെ വെള്ളപൂശാനുള്ള ശ്രമങ്ങളാണു സിബി മാത്യൂസ് നടത്തിയിരിക്കുന്നത്. സ്‌ത്രീപക്ഷ നിലപാടുകളുള്ളതും സ്‌ത്രീസുരക്ഷയ്‌ക്കു പ്രാധാന്യം കൽപിക്കുന്നതുമായ എൽഡിഎഫ് സർക്കാരും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം – ആനി രാജ ആവശ്യപ്പെട്ടു.

ആവശ്യമെങ്കിൽ മഹിളാ ഫെഡറേഷൻ നിയമനടപടി സ്വീകരിക്കുമെന്നും ആനി രാജ വ്യക്‌തമാക്കി.