ഗംഗേശാനന്ദയെ കാണാൻ അമ്മയ്ക്കൊപ്പം പെൺകുട്ടി

തിരുവനന്തപുരം∙ ജനനേന്ദ്രിയം ഛേദിക്കപ്പെട്ടു മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലിൽ കഴിയുന്ന ഗംഗേശാനന്ദയെ പരാതിക്കാരിയായ പെൺകുട്ടി സന്ദർശിച്ചു. അമ്മയ്ക്കൊപ്പം ഇന്നലെ ഉച്ചയ്ക്കാണു ഗംഗേശാനന്ദയെ കണ്ടത്. മൂവരും 15 മിനിറ്റ് സംസാരിച്ചു. ഇതിനിടെ പെൺകുട്ടി പൊട്ടിക്കരഞ്ഞപ്പോൾ ഗംേഗശാനന്ദ ആശ്വസിപ്പിച്ചു.

കരഞ്ഞുകൊണ്ടാണു പെൺകുട്ടി പുറത്തേക്കു വന്നത്. തുടർന്നു പേട്ട പൊലീസ് സ്റ്റേഷനിൽ എത്തിയ പെൺകുട്ടി കാമുകൻ അയ്യപ്പദാസ് വിവാഹവാഗ്ദാനം നൽകി പീ‍ഡിപ്പിച്ചുവെന്നു പരാതിപ്പെട്ടു. തന്റെയും ഗംഗേശാനന്ദയുടെയും പണം അയ്യപ്പദാസ് തട്ടിയെടുത്തു. താൻ ആരുടെയും നിയന്ത്രണത്തിലല്ല. അയ്യപ്പദാസ് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജി കളവാണ്. വീട്ടിൽ താൻ സുരക്ഷിതയാണെന്നും അറിയിച്ചു.

പീഡനം സംബന്ധിച്ച കേസ് ഇന്നലെ പരിഗണിച്ച പോക്സോ കോടതി പെൺകുട്ടിയെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിച്ചു. ഒപ്പം ബ്രെയിൻ മാപ്പിങ് നടത്താനും അനുമതി നൽകി. ഇക്കാര്യത്തിൽ 26നു കോടതിയിൽ നേരിട്ടു ഹാജരായി നിലപാട് അറിയിക്കണം. ഇതിനു പെൺകുട്ടിക്കു നോട്ടിസ് അയച്ചു. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടുകൊണ്ടു ഡിജിപി ടി.പി.സെൻകുമാർ ഇന്നലെ ഉത്തരവ് ഇറക്കി. ഐജി മനോജ് ഏബ്രഹാമിന്റെ ശുപാർശ പ്രകാരമാണു നടപടി.