ഉരുട്ടിക്കൊല: മാപ്പുസാക്ഷിയുടെ നിർണായക വെളിപ്പെടുത്തൽ

തിരുവനന്തപുരം ∙ ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ സാക്ഷിയായ അന്നത്തെ വനിതാ ഹെഡ് കോൺസ്റ്റബിൾ തങ്കമണിയുടെ നിർണായക വെളിപ്പെടുത്തൽ. അന്നത്തെ ഫോർട്ട് സിഐ: ഇ.കെ.സാബു, എസ്ഐ: ടി.അജിത് കുമാർ എന്നിവർ പൊലീസ് സ്റ്റേഷൻ രേഖകളിൽ കൃത്രിമം കാണിക്കാൻ നിർദേശിച്ചതായി സിബിഐ കോടതിയിൽ തങ്കമണി വെളിപ്പെടുത്തി.

കോടതിയിൽ ഇക്കാര്യം 12 വർഷത്തിനു ശേഷം പറയുമ്പോൾ വേദനയുണ്ടെന്നും സാക്ഷി കൂട്ടിച്ചേർത്തു. ഉദയകുമാറിനെ ചോദ്യം ചെയ്യാൻ സിഐ ഓഫിസിലെ മുറിയിൽ കയറ്റി മണിക്കൂറുകൾക്കു ശേഷം പൊലീസുകാരായ ജിതകുമാറും ശ്രീകുമാറും ഇയാളെ താങ്ങിയെടുത്തു പുറത്തേക്കു കൊണ്ടുപോയെന്നും ഇവർ മൊഴി നൽകി.

അഞ്ചാം സാക്ഷിയായ തങ്കമണിയെ സിബിഐ മാപ്പുസാക്ഷിയാക്കിയിരുന്നു. മറ്റു സാക്ഷികൾ നേരത്തെ മൊഴി മാറ്റിപ്പറഞ്ഞിരുന്നു. മുൻ ഹെഡ് കോൺസ്റ്റബിൾ വിജയകുമാർ മജിസ്ട്രേറ്റിനു നൽകിയ രഹസ്യമൊഴി മാറ്റിപ്പറഞ്ഞിരുന്നു. സിഐ: ഇ.കെ.സാബു, എസ്ഐ: ടി.അജിത്കുമാർ, കോൺസ്റ്റബിൾമാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരാണു വിചാരണ നേരിടുന്നത്.

2005 സെപ്റ്റംബർ 27 നു രാത്രി ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയെന്നാണു കേസ്. ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.