ഗംഗേശാനന്ദ കേസ്: പെൺകുട്ടി ആരുടെയും തടങ്കലിൽ അല്ലെന്നു പൊലീസ്; അന്യായ തടങ്കലിലെന്ന ഹർജി പിൻവലിച്ചു

കൊച്ചി ∙ പീഡനം തടയാൻ ഗംഗേശാനന്ദ തീർഥപാദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതായി മൊഴി നൽകിയ പെൺകുട്ടി ആരുടെയും തടങ്കലിലല്ലെന്നും കുടുംബത്തിനൊപ്പം നെടുമങ്ങാട്ട് വാടകവീട്ടിലാണെന്നും പൊലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. കാമുകനായ അയ്യപ്പദാസ് വിവാഹവാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നു പെൺകുട്ടി സിഐക്കു പരാതി നൽകിയിട്ടുണ്ട്. അയ്യപ്പദാസിന്റെ ഭീഷണിയുണ്ടെന്നു പറഞ്ഞതിനാൽ പൊലീസ് സംരക്ഷണം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.

പെൺകുട്ടി മൊഴി മാറ്റിപ്പറയുന്നതു ചിലരുടെ നിർബന്ധം മൂലമാണെന്നും സംഘപരിവാറിന്റെ അന്യായ കസ്റ്റഡിയിലാണെന്നും ആരോപിച്ച് അയ്യപ്പദാസ് നൽകിയ ഹർജി പിൻവലിച്ചു. പൊലീസ് സംരക്ഷണമുള്ള പെൺകുട്ടി അന്യായ കസ്റ്റഡിയിലാണെന്ന ആരോപണം ശരിയല്ലെന്നു സർക്കാർ ബോധിപ്പിച്ചു. തുടർന്നു കേസ് പിൻവലിക്കാൻ ഹർജിഭാഗം അനുമതി തേടുകയായിരുന്നു. പെൺകുട്ടി നൽകിയ വാർത്ത യഥാർഥ വസ്തുതകൾക്കു വിരുദ്ധമാണെന്നു ബോധ്യപ്പെട്ടതിനാൽ പെൺകുട്ടിയെ ബ്രെയിൻ മാപ്പിങ്, നുണപരിശോധനകൾക്കു വിധേയയാക്കാൻ ജൂൺ 17ന് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നു പേട്ട സിഐ എ.എസ്. സുരേഷ്കുമാറിന്റെ വിശദീകരണ പത്രികയിൽ പറയുന്നു. മറ്റാരോ പറഞ്ഞിട്ടാകാം പെൺകുട്ടി വ്യാജവാർത്ത നൽകിയത്.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തതും പ്രതിയായ സ്വാമിയെ അറസ്റ്റ് ചെയ്തതും. പെൺകുട്ടിയും മാതാപിതാക്കളും താമസിക്കുന്ന വീട്ടിലാണു പ്രതി വർഷങ്ങളായി താമസിച്ചിരുന്നത്. പാലാരിവട്ടത്തു സഹോദരിയുടെ വീട്ടിലും നെടുങ്കണ്ടത്ത് സുഹൃത്തിന്റെ വീട്ടിലും പ്രതി പെൺകുട്ടിയെ കൊണ്ടുപോയി ആഴ്ചകളോളം താമസിപ്പിച്ചിട്ടുള്ളതിനാൽ ചൂഷണം ചെയ്തിട്ടുണ്ടെന്ന് അനുമാനിക്കുന്നു. സുഹൃത്തുക്കളുടെയും പെൺകുട്ടിയുടെ പിതാവിന്റെയും വാഹനങ്ങളിലാണു പലേടത്തും കൊണ്ടുപോയത്. പെൺകുട്ടിയുടെ കോളജ് പ്രവേശനത്തിനുൾപ്പെടെ സാമ്പത്തികമായി സഹായിച്ചിട്ടുള്ള പ്രതിക്കു കുടുംബത്തിനുമേൽ നിയന്ത്രണമുണ്ടായിരുന്നു. പ്രതിയുടെ ഇടപാടുകളെക്കുറിച്ചു വിവരങ്ങൾ ശേഖരിച്ചു.

പെൺകുട്ടിയുമായി പ്രതി പോയിട്ടുള്ള സ്ഥലങ്ങളിൽ അന്വേഷണം നടത്തി. തിരുവനന്തപുരം പേട്ടയിലെ വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടിയും കുടുംബവും സംഭവശേഷം നെടുമങ്ങാട്ട് നെട്ടാറച്ചിറയിലാണു താമസിക്കുന്നതെന്നും പൊലീസ് വിശദീകരിച്ചു. ഹർജിക്കാരനായ അയ്യപ്പദാസും പെൺകുട്ടിയും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. അയ്യപ്പദാസിനെതിരെയും പെൺകുട്ടി പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പൊലീസിലും മജിസ്ട്രേട്ട് മുൻപാകെയും നൽകിയ മൊഴി പെൺകുട്ടി മാറ്റിപ്പറയുന്നതു ഗൂഢാലോചനയുടെ ഫലമാണെന്നും തന്നെ പ്രതിചേർക്കുന്ന തരത്തിൽ കേസ് വളച്ചൊടിക്കുകയാണെന്നും അയ്യപ്പദാസ് ഹർജിയിൽ ആരോപിച്ചിരുന്നു. ‌