സംവിധായകൻ കെ.ആർ.മോഹനന് അന്ത്യാഞ്ജലി

ചാവക്കാട് ∙ മലയാള നവസിനിമയ്ക്കു ‘പുരുഷാർഥം’ പകർന്ന സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ കെ.ആർ.മോഹനന് (69) അന്ത്യാഞ്ജലി. ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായിരുന്ന മോഹനന്റെ സംസ്കാരം ഒൗദ്യോഗിക ബഹുമതികളോടെ തിരുവത്രയിലെ വീട്ടുവളപ്പിൽ നടന്നു. ഞായറാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.

മാടമ്പ് കുഞ്ഞുക്കുട്ടന്റെ നോവലിനെ ആസ്പദമാക്കി നിർമിച്ച അശ്വത്ഥാമാവ് സിനിമയ്ക്ക് 1978ൽ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. സി.വി.ശ്രീരാമന്റെ ഇരിക്കപിണ്ഡം ചെറുകഥയെ ആസ്പദമാക്കിയെടുത്ത പുരുഷാർഥം സിനിമയ്ക്ക് 1988ൽ സംസ്ഥാന അവാർഡ് ലഭിച്ചു. പുരുഷാർഥത്തിനും 1992ൽ പുറത്തിറങ്ങിയ സ്വരൂപത്തിനും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡും ലഭിച്ചു.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്ര പഠനം പൂർത്തിയാക്കിയ മോഹനൻ 1970കളിലെ നവസിനിമയുടെ ശക്തനായ വക്താവായിരുന്നു. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ, ദേവഗൃഹം, റെമന്റനൻസ് ഓഫ് ആൻ എക്കോ സിസ്റ്റം, റെയ്സിങ് സ്നേക്ക്സ് തുടങ്ങി നാൽപ്പതോളം ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്. സർപ്പക്കാവുകളിലെ ജൈവവൈധ്യത്തെക്കുറിച്ചും കണ്ടൽക്കാടുകൾ ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും അവതരിപ്പിച്ച വിശുദ്ധ വനങ്ങൾ ഡോക്യുമെന്ററിക്ക് 1994ൽ ദേശീയ പുരസ്കാരം ലഭിച്ചു. കെ.ആർ.ഗൗരിയമ്മയുടെ ജീവിതത്തെക്കുറിച്ചുള്ള ചിത്രം ഉൾപ്പെടെ പത്തോളം ഡോക്യുമെന്ററികൾ ഒരുക്കിയിട്ടുണ്ട്.

കെഎസ്എഫ്ഡിസിയിൽ ഫിലിം ഓഫിസറായാണ് കെ.ആർ.മോഹനൻ ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. കൈരളി ചാനലിന്റെ ആദ്യകാല പ്രോഗ്രാം മേധാവിയും കൈരളി ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. തിരുവത്ര കുറ്റിയിൽ റിട്ട. അധ്യാപകൻ രാമന്റെയും പാറുകുട്ടിയുടെയും മകനാണ്. ഭാര്യ: പരേതയായ ഡോ. എ.ആർ.രാഗിണി. 

നല്ല സിനിമയ്ക്കൊപ്പം കുടപിടിച്ച് നടന്ന നാട്ടുകാരണവർ: വി.കെ.ശ്രീരാമൻ

കെ.ആർ.മോഹനൻ സാധാരണ മനുഷ്യനായിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു പഠിച്ചിറങ്ങുന്നവരുടെ കൂടെ മിക്കവാറും കുറച്ചു ‘ഈഗോ’യും കാണും. മിക്കപ്പോഴും സഞ്ചി, തർക്കം, എല്ലാറ്റിനെയും കുറിച്ചുള്ള അറിവ് എന്നിവയും കാണാറുണ്ട്. എന്നാൽ, കെ.ആർ.മോഹനൻ അവിടെനിന്നു പഠിച്ചിറങ്ങിയിട്ടും ഇതൊന്നും കൂടെയുണ്ടായിരുന്നില്ല. ഒരു കുടയും പിടിച്ചു നാട്ടുകാരണവരെപ്പോലെ അദ്ദേഹം സിനിമകൾ ചെയ്തു. ചലച്ചിത്രോത്സവങ്ങൾക്കു പോയി. ആരുമായും തർക്കത്തിനു പോയില്ല. കെ.ആർ.മോഹനനു സിനിമയായിരുന്നു ജീവവായു.

സ്വന്തം സിനിമകൾക്കു നിർമാതാവിനെ കണ്ടെത്താനുള്ള കൗശലംപോലും കെ.ആർ‌. മോഹനന് ഇല്ലായിരുന്നു. ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷനായിരുന്നിട്ടുപോലും അദ്ദേഹം അത്തരം സാധ്യതകൾ സ്വന്തം സിനിമയ്ക്കായി മുതലെടുത്തില്ല. അതിനുള്ള മിടുക്കുണ്ടായിരുന്നുവെങ്കിൽ എത്രയോ കൂടുതൽ സിനിമകൾ ചെയ്യാൻ മോഹനനു കഴിയുമായിരുന്നു. സ്വന്തം സിനിമ കച്ചവടം ചെയ്യാനും ബഹുമതികൾ നേടാനുമായി മോഹനൻ‌ ലോബികൾ ഉണ്ടാക്കിയില്ല. അതിനായി വിദേശ നിരൂപകരെ കാണാൻ പോയില്ല, ക്ഷണിച്ചു വരുത്തിയതുമില്ല. സിനിമ വരുന്നതിനു മുൻപ് ആഘോഷം നടത്തിച്ചില്ല. ഇതൊക്കെ ചെയ്യുന്നവരെയാണു നാം ചുറ്റും കാണുന്നത്. അവരിൽ പലരും കച്ചവട സിനിമയ്ക്കെതിരെ പ്രസംഗിക്കുകയും സ്വന്തം സിനിമ കച്ചവടം ചെയ്യാൻ വേണ്ടതെല്ലാം ചെയ്യുകയും ചെയ്യുന്നു.

കെ.ആർ.മോഹനനു സിനിമ സിനിമ മാത്രമായിരുന്നു. ഒന്നുമറിയാത്ത ഒരു മണ്ടൻ എന്നു ചിലർക്കെങ്കിലും തോന്നിയേക്കാം. എന്നാൽ, മോഹനനെ ഓർക്കുമ്പോൾ ആ വിശുദ്ധിയാണു ഓർമവരുന്നത്. സിനിമയെപ്പോലെ വിശുദ്ധമായ ജീവിതം. അക്കാദമി അധ്യക്ഷനായിരിക്കെ അദ്ദേഹം കേരളം മുഴുവൻ സഞ്ചരിച്ചു ഫിലിം സൊസൈറ്റികൾ പുനരുജ്ജീവിപ്പിച്ചു. അതൊരു നിശ്ശബ്ദ വിപ്ലവമായിരുന്നു. ഒരു ഘോഷവുമില്ലാതെയാണ് ഇതു ചെയ്തത്.

ഗ്രാമങ്ങളിൽ പോയി താമസിച്ച് അവർക്ക് ഊർജം നൽകി. സ്വന്തം സിനിമ ഒരിടത്തുപോലും പ്രദർശിപ്പിച്ചതുമില്ല. അശ്വത്ഥാമാവും പുരുഷാർഥവും സ്വരൂപവും മലയാള സിനിമയുടെ കാലത്തിനു തൊട്ടു മുൻപു നടന്ന സിനിമകളായിരുന്നു എന്നു വേണമെങ്കിൽ പറയാം. എഴുത്തുകാരനോടു നീതി പുലർത്തുന്നതിൽ കെ.ആർ.മോഹനനെപ്പോലെ ആരുമുണ്ടായിട്ടില്ലെന്ന് എൻ.എസ്.മാധവനെപ്പോലുള്ളവർ നിരീക്ഷിച്ചിട്ടുണ്ട്. സി.വി.ശ്രീരാമന്റെ ഇരിക്കപ്പിണ്ഡം കഥ സിനിമയാക്കിയപ്പോൾ അതിന്റെ രാഷ്ട്രീയത്തോടു പൂർണമായും നീതിപുലർത്തിക്കൊണ്ടു തരളിതമായ പല ഭാഗങ്ങളും ഒഴിവാക്കിയതായി കാണാം.

കെ.ആർ.മോഹനൻ നിർഭാഗ്യവാനാണെന്നും കിട്ടേണ്ടതു കിട്ടിയില്ലെന്നും പലരും പറയുന്നു. അദ്ദേഹം അതൊന്നും അന്വേഷിച്ചുപോയില്ല എന്നതാണു സത്യം. മോഹനൻ ഇല്ലാതായപ്പോൾ നമുക്കു നഷ്ടമായത് ഒരു ഗ്രാമീണ കാരണവരെയാണ്. കൂടെയുണ്ടെങ്കിൽ നമുക്കു ധൈര്യം തോന്നുന്ന ഒരു സൗമ്യഹൃദയത്തെ. നല്ല സിനിമയുടെ കൂടെ കുട പിടിച്ചു നടന്ന നല്ല മനുഷ്യനെ.