രോഷപ്രകടനം അപഹാസ്യം: എഐവൈഎഫ്

കൊല്ലം∙ നടിക്കു നേരേയുണ്ടായ അതിക്രമം സംബന്ധിച്ച് ‘അമ്മ’ യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ചോദ്യമുന്നയിച്ച മാധ്യമ പ്രവർത്തകർക്കു നേരെ രോഷപ്രകടനം നടത്തിയ എംഎൽഎമാരായ മുകേഷിന്റെയും ഗണേഷ്കുമാറിന്റെയും നടപടി അപഹാസ്യമാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ.

നടി ആക്രമിക്കപ്പെട്ടപ്പോൾ ഒരക്ഷരം പോലും മിണ്ടാതിരുന്നവർ നടിയെ അധിക്ഷേപിച്ചു സംസാരിച്ച ദിലീപിനു സംരക്ഷണ കവചമൊരുക്കാനും വാർത്താലേഖകരെ പ്രതിരോധിക്കാനും ചാടിവീണപ്പോൾ തങ്ങൾ ജനപ്രതിനിധികളാണെന്ന കാര്യം കൂടി ഓർക്കണമായിരുന്നു.

ഇടതുമുന്നണിയുടെ പ്രഖ്യാപിത നിലപാടാണു സ്ത്രീസുരക്ഷ. എൽഡിഎഫ് സ്ഥാനാർഥികളായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ഇവർ സ്ത്രീ സുരക്ഷയ്ക്കായി നിലപാടു സ്വീകരിക്കേണ്ടതിനു പകരം വേട്ടക്കാരെ ന്യായീകരിച്ചത് അപലപനീയമാണ്. സഹപ്രവർത്തകയെ സഹായിക്കാത്ത സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്നും ജനപ്രതിനിധികളായ ഇന്നസെന്റും മുകേഷും ഗണേഷും പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും സജിലാൽ ആവശ്യപ്പെട്ടു.