ലോറിയില്‍ കടത്തിയ 10 ടണ്‍ സ്ഫോടകവസ്തു മുത്തങ്ങയില്‍ പിടികൂടി

സ്ഫോടകവസ്തുക്കൾ കടത്തിയ കേസിൽ അറസ്റ്റിലായ സുരളി രാജൻ, ചെറുവത്തൂർ കൃഷ്ണകുമാർ, രംഗനാഥൻ, സത്യനേശൻ

ബത്തേരി∙ രാജ്യത്ത് നിരോധിക്കപ്പെട്ട വെടിമരുന്നും അനുബന്ധ സാധനങ്ങളുമടക്കം 10 ടണ്ണോളം സ്ഫോടകവസ്തുക്കൾ അതിർത്തി കടന്നെത്തിയ ലോറിയിൽ നിന്നു മുത്തങ്ങയിൽ പിടികൂടി. നാലു പേരെ അറസ്റ്റു ചെയ്തു. സവാള നിറച്ച ചാക്കുകൾക്കിടെ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടകവസ്തു ശേഖരം. കർണാടക റജിസ്ട്രേഷൻ ലോറിയിൽ 10 ടൺ സ്ഫോടകവസ്തുവും അഞ്ച് ടൺ ഉള്ളിയുമാണ് ഉണ്ടായിരുന്നത്.

ബത്തേരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മുത്തങ്ങയ്ക്കപ്പുറം തകരപ്പാടിയിൽ ഇന്നലെ രാവിലെ ഏഴോടെ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. ലോറി ഡ്രൈവർ തൃശൂർ ദേശമംഗലം ചെറുവത്തൂർ സത്യനേശൻ(52), ക്ലീനർ തൃശൂർ തലപ്പള്ളി ദേശമംഗലം ചെറുവത്തൂർ കൃഷ്ണകുമാർ(40), ലോറിയെ അനുഗമിച്ചെത്തിയ കാറിലുണ്ടായിരുന്ന തമിഴ്നാട് ധർമപുരി ഹരൂർ അച്ചിവാടി ഒട്സാൽപെട്ടി സ്വദേശികളായ രംഗനാഥൻ(37), സുരളി രാജൻ(37)എന്നിവരാണ് അറസ്റ്റിലായത്.

കൊടുവള്ളിയിലേക്കാണ് ലോഡ് കൊണ്ടു പോകുന്നതെന്നു പിടിയിലായവർ ആദ്യം പറഞ്ഞെങ്കിലും മഞ്ചേരിക്കാണെന്നു പിന്നീടു പറഞ്ഞു. സ്ഫോടനത്തിനുപയോഗിക്കുന്ന നിയോജലിന്റെ (ജലറ്റിൻ സ്റ്റിക്) 25 കിലോ വീതമുള്ള 189 പെട്ടികൾ(4725 കിലോ), അമോണിയം നൈട്രേറ്റിന്റെ(വെടിയുപ്പ്) 50 കിലോ വീതമുള്ള 95 ചാക്ക്(4750 കിലോ), സേഫ്റ്റി ഫ്യൂസി (തിരി) ന്റെ 10 കിലോ വീതമുള്ള 20 പെട്ടി എന്നിങ്ങനെയുള്ള സ്ഫോടക വസ്തുക്കളും ചുറ്റിലുമായി മൂടപ്പെട്ട നിലയിൽ 95 ചാക്ക് ഉള്ളിയുമാണ് ഉണ്ടായിരുന്നത്. വെടിയുപ്പ് രാജ്യത്ത് പൂർണമായി നിരോധിച്ചതാണ്.

പെട്ടികളുടെ പുറത്ത് പതിച്ചിട്ടുള്ള ഉൽപാദകരുടെ പേര് കീറിക്കളഞ്ഞിരുന്നെങ്കിലും പെട്ടിക്കുള്ളിൽ നിയോജലിന്റെ പുറത്ത് കമ്പനിയുടെ പേരുണ്ട്. സ്ഫോടകവസ്തുക്കൾ മാത്രം ആകെ 9675 കിലോ ഉണ്ടായിരുന്നു. ഇത്രയധികം സ്ഫോടക വസ്തുക്കൾ ജില്ലയിൽ നിന്ന് പിടികൂടുന്നത് ഇതാദ്യമാണ് . രാവിലെ ആറു മണിയോടെയാണ് ബെംഗളൂരുവിൽ നിന്ന് സ്ഫോടകവസ്തുക്കൾ കൊണ്ടുവരുന്നതായി പൊലീസിനും മുത്തങ്ങ എക്സൈസ് വിഭാഗത്തിനും വിവരം ലഭിച്ചത്.

ജില്ലാ പൊലീസ് മേധാവി രാജ്പാൽ മീണയും രാവിലെ തന്നെ സ്ഥലത്തെത്തി പിടിച്ചെടുത്തതു സ്ഫോടക വസ്തുക്കളാണെന്നു സ്ഥിരീകരിച്ചു. തുടർന്ന് ബോംബ് സ്ക്വാഡും പരിശോധനക്കെത്തി.ഡിവൈഎസ്പിമാരായ ടി.എൻ. സജീവൻ, വി.ഡി. വിജയൻ, കെ.പി. കുബേരൻ, പൊലീസ് ഇൻസ്പെക്ടർ എം.ഡി. സുനിൽ, ബോംബ് സ്ക്വാഡ് എസ്ഐ സ്റ്റീഫൻ തോമസ്, എസ്ഐ പ്രശാന്ത്, എഎസ്ഐ ശശികുമാർ,സീനിയർ സിപിഒ ഹരീഷ്, സിപിഒമാരായ അനസ്, അബ്ബാസ്, ബിജു, സതീഷ്കുമാർ എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.