ജിഷ്ണു കേസ്: കൃഷ്ണദാസ് കോയമ്പത്തൂർ വിടരുത്

ന്യൂഡൽഹി∙ ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ പി.കൃഷ്ണദാസ് കേസ് നടപടികൾ കഴിയുന്നതു വരെ കോയമ്പത്തൂർ വിടരുതെന്നു സുപ്രീം കോടതി ഉത്തരവ്. നെഹ്റു ഗ്രൂപ്പ് ആസ്ഥാനമാണ് കോയമ്പത്തൂർ.

കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിടണമെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. കേസ് സിബിഐക്കു വിട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിന്റെ ആവശ്യം തള്ളിയത്. ജിഷ്ണു പ്രണോയ് കേസിന്റെ അന്വേഷണ പുരോഗതി രണ്ടാഴ്ചയ്ക്കകം അറിയിക്കാൻ സിബിഐയ്ക്കും സുപ്രീം കോടതി നിർദേശം നൽകി.

തൃശൂരിലെ നെഹ്റു കോളജ് ഓഫ് എൻജിനീയറിങ്ങിൽ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ജിഷ്ണു കഴിഞ്ഞ ജനുവരിയിലാണ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്. കേസിൽ പ്രതികളായ കൃഷ്ണദാസിനും കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ.ശക്തിവേലിനും ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

പരീക്ഷയിൽ ക്രമക്കേടു കാട്ടിയെന്നാരോപിച്ചു ജിഷ്ണുവിനെ കോളജ് അധികൃതർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ആത്മഹത്യയെന്നാണു കേസ്. കോളജ് മാനേജ്മെന്റിന്റെ ചില തീരുമാനങ്ങൾക്കെതിരെ ജിഷ്ണു പ്രതിഷേധം സംഘടിപ്പിച്ചതിൽ പ്രതികാരമായാണ് അധികൃതർ ജിഷ്ണുവിനെ ഭീഷണിപ്പെടുത്തിയതെന്നും കേസിൽ ആരോപിക്കുന്നു.

ഏപ്രിൽ നാലിന് അറസ്റ്റിലായ കൃഷ്ണദാസിനു പിന്നീടു ജാമ്യം ലഭിച്ചു.