പനിപിടിച്ച് 18 മരണം കൂടി

ആലപ്പുഴ ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചു മരിച്ച സോമൻ നായർ, ഉമാദേവി, രതികല, വി.കെ.ഉദയൻ.

തിരുവനന്തപുരം∙ പലതരം പനി ബാധിച്ച 18 പേർ കൂടി സംസ്ഥാനത്ത് ഇന്നലെ മരിച്ചു. ആലപ്പുഴ ജില്ലയിൽ നാലുപേരും കോഴിക്കോട്ടു മൂന്നുപേരും പാലക്കാട്, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലയിൽ രണ്ടുപേരും വീതമാണു മരിച്ചത്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി രവി (55), ചെട്ടിവിളാകം സ്വദേശി രാജു (45) എന്നിവർ പനി ബാധിച്ചു മരിച്ചു. എറണാകുളം ജില്ലയിൽ ഒക്കൽ സ്വദേശി ഷിഫാസ് (48) മരിച്ചതു ഡെങ്കിപ്പനി കാരണമാണ്.

എലിപ്പനി ബാധിച്ചു പാലക്കാട് മുതലമട സ്വദേശി ശബരിയും (41) എച്ച് വൺ എൻ വൺ ബാധിച്ചു മലപ്പുറം പേരൂർ സ്വദേശി ജുനൈദയും (43) മരിച്ചു. ആലപ്പുഴ ജില്ലയിൽ ഡെങ്കിപ്പനിയെ തുടർന്നു ഭരണിക്കാവ് തെക്കേമങ്കുഴി സരിതാ ഭവനത്തിൽ സോമൻ നായർ (68), കൃഷ്ണപുരം മാലിത്തറയിൽ ദിനേശന്റെ ഭാര്യ രതികല (ഭാമ–41), തണ്ണീർമുക്കം 11–ാം വാ‍ർഡ് വാരണം പരിത്യാംപള്ളിൽ വി.കെ.ഉദയൻ (58), വള്ളികുന്നം കാരാഴ്മ വിപിൻ നിവാസിൽ പരേതനായ വിജയൻപിള്ളയുടെ ഭാര്യ ഉമാദേവി (53) എന്നിവരാണു മരിച്ചത്.

കോഴിക്കോട് ജില്ലയിൽ ഉള്ളിയേരി നൊരയംപുറത്ത് ചീരു (78), കിഴക്കോത്ത് കുയ്യണ്ടമാക്കിൽ സി.എം.വാസു (60), ചക്കിട്ടപാറ കുന്തിക്കാപ്പുഴ ശാർങ്ധരൻ (74) എന്നിവരാണു മരിച്ചത്. പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചു വടക്കഞ്ചേരി കറ്റുകോട് ചെമ്പകം വീട്ടിൽ സുധീഷിന്റെ മകൾ ലിനിന്റ (നാല്), അഗളി പുത്തൻവീട്ടിൽ ജോസ് (60) എന്നിവരാണു മരിച്ചത്.

മലപ്പുറത്ത് കോഡൂർ പറയരങ്ങാടി നടുവിൽ പുരയ്ക്കൽ ജയരാജന്റെ ഭാര്യ ധന്യ (37), പുളിക്കൽ പെരിയമ്പലം വെട്ടത്തു സുബ്രഹ്മണ്യൻ (സദു –48) എന്നിവർ മരിച്ചു. ഇന്നലെ വിവിധ സർക്കാർ ആശുപത്രികളിൽ 30,160 പേരാണു പനിക്ക് ചികിത്സ തേടിയെത്തിയത്. ഇതിൽ 845 പേർക്കു ഡെങ്കിപ്പനിയും 14 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.