തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വിഭജിക്കില്ലെന്ന് ബോർഡ് അംഗം

ന്യൂഡൽഹി∙ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വിഭജിക്കാൻ നീക്കമില്ലെന്നു റെയിൽവേ ബോർഡ് മെംബർ (ട്രാഫിക്) മുഹമ്മദ് ജംഷേദ്. ഇക്കാര്യം റെയിൽവേയുടെ സജീവ പരിഗണനയിലില്ല. റെയിൽവേ ബോർഡ് വിഷയം ചർച്ച ചെയ്തിട്ടുമില്ല– അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ഡിവിഷന്റെ ഒരു ഭാഗം തമിഴ്നാട്ടിലെ മധുര ഡിവിഷനുമായി കൂട്ടിച്ചേർക്കാൻ ശ്രമം നടക്കുന്നുവെന്നു വാർത്ത പരന്നതു വ്യാപക പ്രതിഷേധത്തിനു വഴിവച്ചിരുന്നു. തിരുവനന്തപുരം സ്മാർട് സിറ്റി പട്ടികയിൽ ഉൾപ്പെട്ടതിനു പിന്നാലെ വൻ വികസന പദ്ധതികൾ നടപ്പാക്കാനിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖ വികസനവും ഊർജിതമായി പുരോഗമിക്കുന്നു.

ഇതേസമയം, തിരുവനന്തപുരത്തിനും സംസ്ഥാനത്തിനാകെയും ദോഷകരമായ നീക്കമാണിതെന്നു ശശി തരൂർ എംപി മന്ത്രി സുരേഷ് പ്രഭുവിനയച്ച കത്തിൽ ചൂണ്ടിക്കാട്ടി. വരുമാനത്തിന്റെ അടിസ്ഥാനത്തിലാണു ഡിവിഷനുകൾക്കു പദ്ധതികൾ അനുവദിക്കുക. വിഭജിച്ചാൽ തിരുവനന്തപുരം ഡിവിഷന്റെ വരുമാനം കുറയും. സംസ്ഥാനത്തിന്റെയും തലസ്ഥാനത്തിന്റെയും വികസനത്തിന്റെ നിർണായക ഘട്ടത്തിൽ വിഭജന നീ‌ക്കം ഉപേക്ഷിക്കണം– തരൂർ ആവശ്യപ്പെട്ടു.