മംഗളൂരു വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിനിടെ സിഗ്നൽ ലൈറ്റിലിടിച്ചു

Representative Image

മംഗളൂരു ∙ വിമാനം ഇറങ്ങുന്നതിനിടെ സിഗ്നൽ ലൈറ്റിലിടിച്ചു. മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ രാവിലെയാണു സംഭവം. ആളപായമില്ല. ദുബായിൽ നിന്ന് 186 യാത്രക്കാരുമായി എത്തിയ എയർഇന്ത്യ എക്സ്പ്രസ് ഐഎക്സ് 814 നമ്പർ ബോയിങ് 737 വിമാനമാണ് അപകടത്തിൽപെട്ടത്.

വിമാനം ഇടിച്ച് റൺവേയിലെ ഏതാനും ഗൈഡിങ് ലൈറ്റുകൾ തകർന്നു. യാത്രക്കാർക്കു പരുക്കില്ല. വിമാനത്തിനും തകരാറൊന്നും പറ്റിയിട്ടില്ല. റൺവേയുടെ അരികിലെ ഗൈഡിങ് ലൈറ്റുകളിൽ ഇടിച്ചതിനു തൊട്ടു പിന്നാലെ വിമാനം റൺവേയുടെ മധ്യത്തിലേക്കു തിരികെ കൊണ്ടുവരാൻ കഴിഞ്ഞതാണു ദുരന്തം ഒഴിവാക്കിയത്.

ഇറങ്ങുന്നതിനിടെ തെന്നിമാറിയാണ് അപകടമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ ഫ്ലൈറ്റ് സേഫ്റ്റി വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തെന്നിമാറിയതായി സൂചനയില്ല എന്നാണ് അറിയുന്നത്. മംഗളൂരുവിൽ ഇന്നലെ കനത്ത മഴയും മൂടലുമായിരുന്നു.

വിമാനം ലാൻഡ് ചെയ്ത് റൺവേ തൊടുന്നതിനു തൊട്ടുമുൻപ് പെട്ടെന്നു കാറ്റും മഴയും ആരംഭിച്ച് മൂടൽ പടർന്നു കാഴ്ചപരിധിയെ ബാധിച്ചതാണു സംഭവത്തിനു വഴിയൊരുക്കിയതെന്നാണു സൂചന. പൈലറ്റുമാരുടെ പരിചയസമ്പന്നത കാരണമാണ് വൻദുരന്തം ഒഴിവായതെന്നു വിമാനത്താവള വൃത്തങ്ങൾ സൂചിപ്പിച്ചു.