ന്യൂനപക്ഷ സ്വാശ്രയ മെഡിക്കൽ പ്രവേശനം: കരട് ഉത്തരവ് തയാർ

തിരുവനന്തപുരം∙ ന്യൂനപക്ഷപദവിയുള്ള സ്വാശ്രയ മെഡിക്കൽ കോളജുകളിലെ സംവരണ സീറ്റിലെ പ്രവേശനം സംബന്ധിച്ച കരട് ഉത്തരവ് തയാറായി. ഇതനുസരിച്ചു പ്രവേശനത്തിനു മതവും സമുദായവും സഭയും വ്യക്തമാക്കുന്ന റവന്യു അധികൃതരുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നേരത്തെ റദ്ദാക്കിയ ഉത്തരവിനു പകരമുള്ള കരട് ഉത്തരവ് ആരോഗ്യവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്.

മുഖ്യന്ത്രിയുടെ ഓഫിസിൽ വിളിച്ചുചേർത്ത ഉന്നതതലയോഗം ആണ് ഉത്തരവിലെ വ്യവസ്ഥകൾ തീരുമാനിച്ചത്. മുസ്‌ലിം സമുദായത്തിനു മതനേതാക്കളുടെ സർട്ടിഫിക്കറ്റ് ഒഴിവാക്കിയതു ക്രിസ്ത്യാനികൾക്കും ബാധകം ആക്കിയാൽ ഉണ്ടാകാവുന്ന പ്രായോഗിക പ്രശ്നങ്ങൾ യോഗം ചർച്ച ചെയ്തു.

തങ്ങളുടെ സമുദായ അംഗങ്ങളെ റവന്യു അധികാരികൾക്ക് എങ്ങനെ കണ്ടെത്താനാകുമെന്നാണു ക്രിസ്ത്യൻ സഭകളുടെ ചോദ്യം. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി അന്തിമ തീരുമാനം എടുക്കും. ക്രിസ്ത്യൻ ന്യൂനപക്ഷ അവകാശങ്ങൾ ലംഘിച്ച് ഉത്തരവ് ഇറക്കിയാൽ കോടതിയെ സമീപിക്കുമെന്നു ക്രിസ്ത്യൻ മാനേജ്‌മെന്റുകളുടെ വക്താവ് ജോർജ് പോൾ അറിയിച്ചു.