ജനകീയ മെട്രോ യാത്ര: 13 പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്

ആലുവ ∙ കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു യുഡിഎഫ് സംഘടിപ്പിച്ച ജനകീയ മെട്രോ യാത്രയുമായി ബന്ധപ്പെട്ട കേസിൽ 13 പ്രതികളെ തിരിച്ചറിഞ്ഞെന്നു പൊലീസ്. ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, ആര്യാടൻ മുഹമ്മദ്, കെ. ബാബു, ബെന്നി ബഹനാൻ, എംഎൽഎ മാരായ പി.ടി. തോമസ്, വി.ഡി. സതീശൻ, അൻവർ സാദത്ത്, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, പി.സി. വിഷ്ണുനാഥ് എന്നിവരെയാണു തിരിച്ചറിഞ്ഞത്.

എന്നാൽ, ഇവരെ ഉൾപ്പെടുത്തി പ്രതിപ്പട്ടിക തയാറാക്കിയിട്ടില്ല. മെട്രോയിൽ അതിക്രമിച്ചു കയറി യാത്ര ചെയ്തുവെന്ന് ആരോപിച്ചു കണ്ടാലറിയാവുന്ന ഇരുനൂറ്റമ്പതോളം പേർക്കെതിരെ മെട്രോ ആക്ട് 62, 64 വകുപ്പുകൾ പ്രകാരമാണു കേസ്. ജാമ്യം കിട്ടുന്ന വകുപ്പുകളാണിതെന്നു പ്രിൻസിപ്പൽ എസ്ഐ എം.എസ്. ഫൈസൽ പറഞ്ഞു.

സംഭവ സമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന നാലു പൊലീസുകാരും രണ്ടു മെട്രോ ജീവനക്കാരുമാണു വിഡിയോ ദൃശ്യങ്ങളിൽ നിന്നു പ്രതികളെ തിരിച്ചറിഞ്ഞത്. പരാതിക്കാരായ കെഎംആർഎൽ അധികൃതർ വിവിധ സ്റ്റേഷനുകളിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിനു നൽകിയിരുന്നു.

പ്രതിപ്പട്ടിക തയാറാക്കി അവർക്കു നോട്ടിസ് നൽകണോ കോടതിയിൽ നേരിട്ടു കുറ്റപത്രം സമർപ്പിക്കണോ എന്നതിൽ തീരുമാനമെടുത്തിട്ടില്ല. ഒട്ടേറെ പ്രതികളെ ഇനിയും തിരിച്ചറിയാൻ ഉള്ളതിനാൽ താമസം ഉണ്ടാകും. കൂടുതൽ സാക്ഷിമൊഴികളും സാങ്കേതികത്തെളിവുകളും ശേഖരിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. മേയ് ഇരുപതിനായിരുന്നു ജനകീയ മെട്രോ യാത്ര.