ഫെയ്സ്ബുക് പോസ്റ്റ് വൈറലായി; ചോരകൊണ്ടു മാപ്പെഴുതി മോഷ്ടാവ്!

കല്ലമ്പലം (തിരുവനന്തപുരം)∙ സിസിടിവി ക്യാമറയിലെ മോഷണദൃശ്യങ്ങൾ ഫെയ്സ്ബുക് പോസ്റ്റിലൂടെ വൈറലായതോടെ ചോരകൊണ്ടു മാപ്പെഴുതി മോഷ്ടാവിന്റെ കുമ്പസാരം. പുതുശ്ശേരിമുക്ക് സ്വദേശി നിസാമിന്റെ വീട്ടിൽ മോഷണം നടത്തിയ ചെറുപ്പക്കാരനാണ്, സിസിടിവിയിൽ പതിഞ്ഞ മോഷണദൃശ്യം പൊലീസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ടെൻഷനടിച്ചു ‘നന്നായത്.’  

ആഡംബര വസ്തുക്കളും വിലപിടിപ്പുള്ള ചെരിപ്പുകളും മറ്റും മോഷണം പോയെന്നു പൊലീസിൽ പരാതി നൽകിയ നിസാം ഒപ്പം സിസിടിവി ദൃശ്യവും കൈമാറിയതാണു വഴിത്തിരിവായത്. കല്ലമ്പലം എസ്ഐ ബി.കെ.അരുൺ ഫെയ്സ്ബുക്കിലിട്ട ദൃശ്യങ്ങൾ പ്രചരിച്ചതോടെ മോഷ്ടാവിന് ഇരിക്കപ്പൊറുതിയില്ലാതായി.

ചോരയിലെഴുതിയ ക്ഷമാപണത്തിനൊപ്പം, മോഷ്ടിച്ച ചെരിപ്പുകളും മറ്റു സാധനങ്ങളും രണ്ടു ദിവസങ്ങൾക്കു ശേഷം കക്ഷി നിസാമിന്റെ വീടിനു മുന്നിൽ കൊണ്ടുവച്ചു. താൻ പഠിക്കുന്ന പയ്യനാണെന്നും ജീവിതം തകർക്കരുതെന്നും പൊലീസ് പിടിച്ചാൽ മറ്റു കേസുകളിലും പ്രതിയാക്കുമെന്നുമാണു കത്തിൽ.

ഫെയ്സ്ബുക് പോസ്റ്റ് പിൻവലിക്കണമെന്നും ടെൻഷൻ കാരണം ചാകാറായെന്നും കത്തിൽ പറയുന്നു. മോഷണം പോയ സാധനങ്ങളെല്ലാം കേടുപാടുകൂടാതെ തിരികെ കിട്ടിയ സന്തോഷത്തിലാണു പരാതിക്കാരൻ.