Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എരുമേലി വിമാനത്താവളത്തിന് കേന്ദ്രസഹായം ഉണ്ടാകും: മന്ത്രി അൽഫോൻസ് കണ്ണന്താനം

Alphons Kannanthanam

കോട്ടയം∙ എരുമേലി വിമാനത്താവളം പദ്ധതി വേഗത്തിലാക്കാൻ കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. 

ഭൂമി സംബന്ധിച്ചു ഹൈക്കോടതിയിലുള്ള കേസിൽ വിധി വന്നാൽ സംസ്ഥാന സർക്കാരും നടപടികൾ വേഗത്തിലാക്കുമെന്നു കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ എംഎൽഎ ആയിരിക്കുമ്പോഴാണ് എരുമേലി വിമാനത്താവളം എന്ന ആശയം കൊണ്ടുവന്നത്. 

ലോകത്തേതു സ്ഥലത്തെക്കാളും സാധ്യതകളാണു കേരളത്തിൽ ടൂറിസം മേഖലയ്ക്കുള്ളത്. റോഡും താമസസൗകര്യവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രമേ കേരളത്തിൽ ടൂറിസം വികസനം സാധ്യമാകൂ. പരിസ്ഥിതിക്കു കോട്ടംവരുത്താതെ ടൂറിസം വികസനം സാധ്യമാണ്. അതിനു കൂട്ടായ ആലോചനയും വേഗത്തിലുള്ള തീരുമാനവും മതി. ലക്ഷക്കണക്കിനു ജോലി ടൂറിസം മേഖലയിൽ കൊണ്ടുവരാൻ സാധിക്കും. 

രാജ്യത്ത് ആകെ 88 ലക്ഷം ടൂറിസ്റ്റുകളാണ് ഒരുവർഷം എത്തുന്നത്. ഇന്ത്യ സുരക്ഷിതരാജ്യമല്ലെന്നും വൃത്തിയില്ലാത്ത രാജ്യമെന്നും മനഃപൂർവമുള്ള പ്രചാരണം നടക്കുന്നു. ഇൗ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെങ്കിൽ കേന്ദ്രവും സംസ്ഥാനവും ചേർന്നു പ്രവർത്തിച്ചാലേ പറ്റൂ. ഇതാണു കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. അയ്യായിരം വർഷം പഴക്കമുള്ള സംസ്കാരവും തത്വശാസ്ത്രവുമുള്ള ഭാരതമാണു ലോക സാംസ്കാരിക തലസ്ഥാനം. ലോകം മുഴുവൻ ഇന്ത്യയെ കാണാൻ വരണം. അവർ ആസ്വദിക്കണം. അതിനുള്ള പദ്ധതിയാണു കേന്ദ്രസർക്കാർ ഒരുക്കുന്നത്. ഇക്കോ ടൂറിസം പദ്ധതിയെയും തീർഥാടക ടൂറിസം പദ്ധതിയെയും യോജിപ്പിക്കുന്നതിനെപ്പറ്റി പദ്ധതികൾ ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

റബർ വില ഉയർത്തുന്നതിനും വാണിജ്യമന്ത്രാലയവുമായി ചില ചർച്ചകൾ നടത്തിയിരുന്നു. ഇറക്കുമതി പൂർണമായും നിരോധിക്കുകയെന്നതും ഇറക്കുമതിച്ചുങ്കം ഉയർത്തുകയെന്നതും പ്രായോഗികമായ നടപടികളല്ല. കർഷകരെ സഹായിക്കാൻ മറ്റു വഴികളാണ് ആലോചിക്കുന്നതെന്നും മന്ത്രി കണ്ണന്താനം പറഞ്ഞു.