Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബർ കർഷകർക്ക് ജിഎസ്ടി പാര; സഹായം ജിഎസ്ടി ബില്ലുകള്‍ക്കു മാത്രം

rubber-latex

തിരുവനന്തപുരം ∙ റബർ കൃഷിക്കാർക്കു സംസ്ഥാന സർക്കാരിന്റെ റബർ വിലസ്ഥിരതാ പദ്ധതിയുടെ സഹായം ലഭിക്കുന്നതിനു വിലങ്ങുതടിയായി ധനവകുപ്പിന്റെ പുതിയ നിർദേശം. കൃഷിക്കാർ വിൽക്കുന്ന റബറിനു ജിഎസ്ടി ബിൽ തന്നെ ഹാജരാക്കണമെന്ന ഉത്തരവാണ് ഒട്ടേറെ കർഷകരെ ബാധിക്കുക.

ജിഎസ്ടി നടപ്പാക്കിയ കഴിഞ്ഞ ജൂലൈ ഒന്നിനു ശേഷമുള്ള എല്ലാ ബില്ലും ജിഎസ്ടി ബില്ലുകളായിരിക്കണമെന്നാണു നിർദേശം. ഇതിനകം റബർ വിറ്റു കഴിഞ്ഞ വ്യാപാരികളുടെ ബില്ലുകൾ ഇതോടെ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യമായി. റബർ സ്വീകരിക്കുന്ന എല്ലാ വ്യാപാരികളും ഇനി ജിഎസ്ടി റജിസ്ട്രേഷൻ എടുക്കേണ്ടിയും വരും.

ജൂലൈ ഒന്നു മുതലാണ് വീണ്ടും വിലസ്ഥിരതാ പദ്ധതി പ്രവർത്തനം തുടങ്ങിയത്. ഒരു കിലോ റബറിന് 150 രൂപ കർഷകനു ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതാണു പദ്ധതി. വിറ്റുകിട്ടുന്ന തുകയും 150 രൂപയും തമ്മിലെ വ്യാത്യാസം എത്രയാണോ ഇൗ തുക സർക്കാർ കർഷകനു നൽകും. റബർ ഉൽപാദക സംഘങ്ങൾ‌ അംഗീകരിച്ച വ്യാപാരികൾക്കാണു കൃഷിക്കാർ റബർ വിൽക്കേണ്ടത്.

ഇൗ ബില്ലുകൾ സംഘം വിലസ്ഥിരതാ പദ്ധതിക്കായി തയാറാക്കിയ പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യും. പുതിയ സർക്കാർ നിർദേശമനുസരിച്ചു ജിഎസ്ടി ബിൽ അല്ലെങ്കിൽ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല. അപ്‌ലോഡ് ചെയ്താലും ഇവ അംഗീകരിക്കുകയുമില്ല. ജിഎസ്ടി ബില്ലുകൾ തന്നെയാണു സമർപ്പിക്കുന്നതെന്ന് റബർ ഉൽപാദക സംഘങ്ങളും റബർ ബോർഡും ഉറപ്പുവരുത്തണമെന്നും ധനവകുപ്പ് നിർദേശിച്ചിട്ടുണ്ട്.