ഗുണ്ടാത്തലവൻമാർ സംഘങ്ങളെ നയിക്കുന്നു; ജയിലിൽ കിടന്ന്

തിരുവനന്തപുരം∙ ജയിലിൽ കിടക്കുന്ന ഗുണ്ടാത്തലവൻമാർ അവിടെനിന്നു തന്നെ അവരുടെ സംഘങ്ങളെ നിയന്ത്രിക്കുന്നതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സർക്കാരിനെ അറിയിച്ചു. സംസ്ഥാന ഇന്റലിജൻസ് മേധാവി നൽകിയ രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തിയാണു ബെഹ്റയുടെ റിപ്പോർട്ട്.

ജയിലിൽ കിടക്കുന്ന ഗുണ്ടാത്തലവൻമാർ ജയിൽ ഫോണിൽ നിന്നു പുറത്തേക്കു വിളിക്കും. ഫോൺ എടുക്കുന്ന ആൾ ‘കോൾ ഡൈവേർഷൻ’ കൊടുത്തു മറ്റു പലരുമായി ബന്ധപ്പെടാൻ അവസരം ഒരുക്കുന്നു. താൽക്കാലിക ജയിൽ വാർഡർമാരും ക്രിമിനലുകൾക്കു പുറത്തേക്കു വിളിക്കാൻ മൊബൈൽ ഫോൺ രഹസ്യമായി നൽകുന്നു. ലഹരിമരുന്നും മദ്യവും ക്രിമനലുകൾക്കായി ജയിലിൽ എത്തിച്ചുകൊടുക്കുന്നു. പ്രത്യുപകാരമായി തടവുകാരുടെ ആളുകൾ ജയിൽ ഉദ്യോഗസ്ഥർക്കു സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നുണ്ടെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.

തമിഴ്നാട്ടിലെ ജയിലിൽ നിന്നു തടിയന്റവിട നസീർ നാട്ടിലെ അനുയായികളുമായി ബന്ധപ്പെടുന്നുണ്ടെന്നും കൊച്ചിയിലെ രണ്ടു ഗുണ്ടാത്തലവൻമാരുടെ പക ഒത്തുതീർപ്പാക്കിയെന്നും റിപ്പോർട്ടിലുണ്ട്. പരസ്പരം ശത്രുതയിലായിരുന്ന രണ്ടു ഗുണ്ടാ നേതാക്കളെ തടിയന്റവിട നസീർ ഇടപെട്ട് ഒന്നിപ്പിച്ചിട്ടുണ്ടെന്നും ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു.

മണ്ണ് മാറ്റാൻ 5 കോടി

എറണാകുളം ജില്ലയിൽ മരട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഒരു പ്രമുഖ ഫ്ലാറ്റ് നിർമാതാവ് ഫ്ലാറ്റ് നിർമിക്കുന്നതിന് അടുത്തയിടെ സ്ഥലം വാങ്ങി. ഈ സ്ഥലത്തു നിന്ന് ഒരു ലക്ഷം ലോഡ് മണ്ണ് മാറ്റണം. ഒരു ലോഡിന് 500 രൂപ നിരക്കിൽ അഞ്ചു കോടി രൂപയ്ക്ക് ഒരു ക്രിമിനൽവഴി സംസാരിച്ചു ഗുണ്ടാസംഘങ്ങൾ ധാരണയായി. ഈ തുക എല്ലാ ഗുണ്ടാസംഘങ്ങൾക്കും എത്തിച്ചുകൊടുക്കാമെന്നും ഇവർ ധാരണ ഉണ്ടാക്കിയെന്ന് ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇത്തരത്തിലൊരു ഇന്റലിജൻസ് റിപ്പോർട്ട് തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നു ജയിൽ മേധാവി ആർ.ശ്രീലേഖ പറഞ്ഞു. ശരിയാണെന്നു ബോധ്യപ്പെട്ടാൽ കർശന നടപടിയുണ്ടാകും.