മൂന്നാർ ലവ്ഡേൽ ഹോംസ്റ്റേ: ഭൂമി ഒഴിയാൻ ആറു മാസം

കൊച്ചി ∙ മൂന്നാറിൽ ലവ്ഡേൽ ഹോംസ്റ്റേ പ്രവർത്തിക്കുന്ന 22 സെന്റ് ഭൂമി ഒഴിഞ്ഞുകൊടുക്കാൻ ഹൈക്കോടതി ആറു മാസത്തെ സമയം അനുവദിച്ചു. ദേവികുളം തഹസിൽദാറുടെ ഒഴിപ്പിക്കൽ നോട്ടിസ് ചോദ്യം ചെയ്യുന്ന ഹർജി തള്ളിയതിനെതിരെ ഹോംസ്റ്റേ ഉടമ നൽകിയ അപ്പീലിലാണു ഡിവിഷൻ ബെഞ്ചിന്റെ നടപടി. എന്നാൽ, സിംഗിൾ ജഡ്ജിയുടെ ഉത്തരവു റദ്ദാക്കണമെന്നാവശ്യപ്പെടുന്ന അപ്പീൽ തള്ളി.

അടുത്ത മാർച്ച് 31നകം കെട്ടിടം ഒഴിഞ്ഞു ഭൂമി സർക്കാരിനു കൈമാറണം. ടൂറിസം സീസൺ എന്ന പരിഗണനയിലാണ് ഒഴിയാൻ സാവകാശം അനുവദിച്ചത്.  ഉപപാട്ടത്തിനു നേടിയ 22 സെന്റും ടാറ്റാ ടീയിൽനിന്നു ലൈസൻസ് കരാർപ്രകാരം നേടിയ മൂന്നര സെന്റും ഉൾപ്പെടെ 25.5 സെന്റ് സ്ഥലമാണു കൈവശത്തിലുള്ളതെന്നാണു ഹോംസ്റ്റേ നടത്തിപ്പുകാരുടെ വാദം. എന്നാൽ, ഹോംസ്റ്റേയുടെ പ്രവർത്തനം പാട്ടക്കരാറിന്റെ ലംഘനമാണെന്നും സ്ഥലത്തു സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

മൂന്നാർ വില്ലേജ് ഓഫിസിനു യോജിച്ചതെന്നു തഹസിൽദാർ കണ്ടെത്തിയ സ്ഥലത്താണ് അനധികൃതമായി ഹോംസ്റ്റേ പ്രവർത്തിക്കുന്നതെന്നാണു റവന്യു വകുപ്പിന്റെ നിലപാട്. സർക്കാർ ആവശ്യത്തിനു സ്ഥലം ലഭ്യമാക്കേണ്ടതിനാലാണു സ്ഥലമൊഴിയാൻ നോട്ടിസ് നൽകിയതെന്നു ഹർജി പരിഗണിക്കവെ സർക്കാർ വിശദീകരണം നൽകിയിരുന്നു.