എടിഎം പിൻ കാർഡിന് പുറകിൽ എഴുതരുതേ

പെരുമ്പാവൂർ ∙ ബസ് യാത്രയ്ക്കിടെ യുവതിയുടെ എടിഎം കാർഡ് മോഷ്ടിച്ച് 50,000 രൂപ അക്കൗണ്ടിൽ നിന്നു കവർന്നു. കാർഡിനു പുറകിൽ എഴുതിയിരുന്ന പഴ്സനൽ ഐഡന്റിഫിക്കേഷൻ നമ്പർ (പിൻ) ഉപയോഗിച്ചാണു പണം എടിഎമ്മിൽ നിന്ന് എടുത്തത്. സംഭവത്തിൽ സംശയിക്കുന്ന സ്ത്രീ എടിഎമ്മിൽ നിന്നു പണം പിൻവലിക്കുന്നതിന്റെ ദൃശ്യം പൊലീസ് പുറത്തു വിട്ടു.

പട്ടാലിൽ നിന്നു പെരുമ്പാവൂർ ടൗണിലേക്കുള്ള യാത്രയ്ക്കിടയിൽ പെരുമ്പാവൂർ സ്വദേശിനിയായ യുവതിയുടെ രണ്ട‌ു കാർഡുകളാണ് ബാഗിൽ നിന്നു മോഷണം പോയത്. യുവതിയുടെ ഭർത്താവിന്റെ പേരിലുള്ള അക്കൗണ്ടിലെ കാർഡുകളായിരുന്നു. കാർഡ് നഷ്ടമായ വിവരം ടൗണിലെത്തിയപ്പോഴാണ് അറിഞ്ഞത്. ഒരു മണിക്കൂറിനകം ബാങ്കിലെത്തി പണം പിൻവലിക്കുന്നത് തടഞ്ഞെങ്കിലും അതിനു പത്തു മിനിറ്റു മുൻപ് എടിഎം വഴി പണം പിൻവലിച്ചിരുന്നു.

കാലടിയിലെ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎമ്മുകളിൽ നിന്നാണ് പണം പിൻവലിച്ചത്. ഒരു കാർഡിന്റെ പിന്നിലെഴുതിയിരുന്ന ‘പിൻ’ ഉപയോഗിച്ചാണ് പണം പിൻവലിച്ചിരിക്കുന്നത്. ഒരു പുരുഷന്റെ സഹായത്തോടെയാണ് സ്ത്രീ പണം പിൻവലിക്കുന്നതെന്നു ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. പെരുമ്പാവൂർ പൊലീസ് അന്വേഷണം തുടങ്ങി.