സോളർ റിപ്പോർട്ടിൽ കൂട്ടനടപടി

തിരുവനന്തപുരം∙ ഉമ്മൻ ചാണ്ടി സർക്കാർതന്നെ നിയോഗിച്ച സോളർ അന്വേഷണ കമ്മിഷന്റെ ശുപാർശയിന്മേൽ അദ്ദേഹത്തിനും നാലു മുൻ മന്ത്രിമാർ, പ്രമുഖ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടക്കം മറ്റ് 21 പേർക്കുമെതിരെ ക്രിമിനൽ, വിജിലൻസ് കേസ് നടപടികൾക്കു മന്ത്രിസഭാ തീരുമാനം. 

സോളർ കേസിൽ പ്രതിയായി ജയിലിൽ കഴിയുമ്പോൾ സരിത എസ്. നായർ എഴുതിയെന്നു കരുതുന്ന കത്തിൽ പേരുൾപ്പെട്ട, ഉമ്മൻ ചാണ്ടിയടക്കം 14 പേർക്കെതിരെ ലൈംഗിക പീഡനക്കുറ്റവും ചുമത്തും. അന്വേഷണത്തിനായി ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ ആറംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു. പൊലീസ്, ജയിൽ വകുപ്പുകളിൽ വരുത്തേണ്ട പരിഷ്കാരങ്ങൾ സമർപ്പിക്കാൻ റിട്ട. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ മൂന്നംഗ കമ്മിഷനെയും നിയമിച്ചു. 

സോളർ കേസ് അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ചു 16 ദിവസത്തിനകമാണ് അഡ്വക്കറ്റ് ജനറലിനോടും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോടും നിയമോപദേശം തേടി വേങ്ങര വോട്ടെടുപ്പു ദിനത്തിൽ യുഡിഎഫിനെ ലക്ഷ്യം വച്ചുള്ള സർക്കാരിന്റെ കൂട്ടനടപടി. വോട്ടെടുപ്പു നടക്കുമ്പോൾ തീരുമാനം പ്രഖ്യാപിച്ചതു രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലേ എന്ന ചോദ്യത്തോടു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ല. ഉമ്മൻ ചാണ്ടിയെ നേരിട്ടു കുറ്റപ്പെടുത്തുന്ന കണ്ടെത്തലുകൾതന്നെയാണു റിപ്പോർട്ടിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 10 നു മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണു മുഖ്യമന്ത്രി അപ്രതീക്ഷിതമായി ഏഴു പേജുള്ള നടപടിരേഖ വായിച്ചത്. കമ്മിഷന്റെ റിപ്പോർട്ട് ആറുമാസത്തിനകം നടപടി റിപ്പോർട്ട് സഹിതം നിയമസഭയുടെ മേശപ്പുറത്തുവയ്ക്കും. 

അന്വേഷണം നേരിടാൻ പോകുന്നവർ: 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആര്യാടൻ മുഹമ്മദ്, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ, എംപിമാരായ ജോസ് കെ. മാണി, കെ.സി.വേണുഗോപാൽ, ഹൈബി ഇൗഡൻ എംഎൽഎ, മുൻ കേന്ദ്രമന്ത്രി പളനിമാണിക്യം, മുൻ എംഎൽഎമാരായ തമ്പാനൂർ രവി, ബെന്നി ബെഹനാൻ, എ.പി.അബ്ദുല്ലക്കുട്ടി, കെപിസിസി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, പാണക്കാട് ബഷീറലി തങ്ങൾ, ഡിജിപി: എ.ഹേമചന്ദ്രൻ, എഡിജിപി: കെ.പദ്മകുമാർ, ഐജി: എം.ആർ.അജിത്കുമാർ, സോളർ കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി: കെ.ഹരികൃഷ്ണൻ, പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി ജി.ആർ.അജിത്, ഉമ്മൻ ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളായിരുന്ന ടെനി ജോപ്പൻ, ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലിംരാജ്. 

റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളെന്നു മുഖ്യമന്ത്രി അറിയിച്ചവ:

∙ ഉമ്മൻ ചാണ്ടി, ടെനി ജോപ്പൻ, ജിക്കുമോൻ ജേക്കബ്, സലിംരാജ് എന്നിവർ ടീം സോളർ കമ്പനിയുടെ ഉപയോക്താക്കളെ വഞ്ചിക്കുന്നതിനു സരിതയെ സഹായിച്ചു. ആര്യാടൻ മുഹമ്മദിനും ഇതേ പങ്കുണ്ട്. 

∙ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഉമ്മൻ ചാണ്ടിയെ രക്ഷിക്കുന്നതിനായി തനിക്കു കീഴിലെ പൊലീസ് ഉദ്യോഗസ്ഥരെ കുറ്റകരമായി സ്വാധീനിച്ചു. 

∙ പ്രത്യേക അന്വേഷണ സംഘം ഉമ്മൻ ചാണ്ടിയെ ക്രിമിനൽ കേസിൽനിന്നു രക്ഷിക്കാൻ ശ്രമിക്കുകയും പ്രധാന തെളിവുകൾ പരിശോധിക്കാതിരിക്കുകയും ചെയ്തു. 

∙ ടീം സോളർ കമ്പനിയുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ മന്ത്രിമാരും ഇൗ സ്ഥാപനത്തിന്റെ തെരുവുവിളക്കു സ്ഥാപിക്കാൻ ശുപാർശ ചെയ്ത എംഎൽഎമാരും ക്രിമിനൽ കേസുകൾ അവസാനിപ്പിക്കാനിറങ്ങിയ തമ്പാനൂർ രവിയും ബെന്നി ബഹനാനും ഉമ്മൻ ചാണ്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. 

∙ സരിതയുടെ കത്തിൽ പേരുള്ള വ്യക്തികൾ സരിതയുമായും അവരുടെ അഭിഭാഷകരുമായും ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. 

റിപ്പോർട്ടിലെ നിർദേശങ്ങൾ:

∙ സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങൾ ഒരു വർഷമെങ്കിലും ശേഖരിച്ചു സൂക്ഷിക്കാൻ ശേഷിയുള്ള ഹാർഡ് ഡിസ്ക് സ്ഥാപിക്കണം. 

∙ പൊലീസ് സേനയുടെ അച്ചടക്കം ഉയർത്തിപ്പിടിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ കാര്യക്ഷമതയുള്ള ഏജൻസി വേണം. 

∙ അനെർട്ടിനെ സോളർ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ ശേഷിയുള്ള സ്ഥാപനമാക്കി മാറ്റണം. 

മുഖ്യമന്ത്രി വായിച്ചു; മന്ത്രിമാർ തലകുലുക്കി 

തിരുവനന്തപുരം∙ സോളർ കേസിൽ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചതു കാര്യമായ ചർച്ചകളില്ലാതെ. കമ്മിഷൻ റിപ്പോർട്ടിലെ പ്രധാന പരാമർശങ്ങളും നിയമോപദേശവും സർക്കാർ സ്വീകരിക്കുന്ന നിലപാടുകളും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചു. മന്ത്രിമാർ ആരും ഇക്കാര്യത്തിൽ നിർദേശങ്ങളൊന്നും വച്ചില്ല. തുടർന്നു മന്ത്രിസഭാ യോഗം മറ്റ് അജൻഡകളിലേക്കു കടന്നു.