മുങ്ങിയ ചരക്കുകപ്പൽ: തിരച്ചിലിന് ഇന്ത്യൻ നാവിക സേനയും

കൊച്ചി∙ ഫിലിപ്പീൻസിനു സമീപം ഒക്കിനാവയിൽ മുങ്ങിയ എംവി എമറാൾഡ് സ്റ്റാർ എന്ന ചരക്കുകപ്പലിലെ ജീവനക്കാർക്കുവേണ്ടി തിരച്ചിലിൽ ഇന്ത്യൻ നാവികസേനയും സജീവമായി. നാവികസേനാ വിമാനം മനിലയിൽ ഇന്നലെ രാവിലെ ഇന്ത്യൻ സമയം ആറിന് എത്തി. റബർ വള്ളവും ദുരന്തത്തിന് ഇരയായവരെ കണ്ടെത്തിയാൽ നൽകാൻ വെള്ളവും ഭക്ഷണവും മരുന്നും വിമാനത്തിൽ കരുതിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മുങ്ങിയ ചരക്കുകപ്പലിന്റെ ക്യാപ്റ്റൻ രാജേഷ് നായർ മലയാളിയാണ്.

കപ്പലിലുണ്ടായിരുന്ന 26 പേരിൽ 16 പേരെ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ 10 പേർക്കുവേണ്ടിയാണു തിരച്ചിൽ. രക്ഷപ്പെടുത്തിയവരിൽ അഞ്ചു പേർ ഐറീനിലും 11 പേർ സിയാമെനിലുമാണ്. ഗുവാങ്സുവിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ഇവരെ സന്ദർശിച്ചു. ഇവരെ മനിലയിലെ ഇന്ത്യൻ എംബസിയിലെത്തിച്ചശേഷം ഇന്ത്യയിലേക്കയയ്ക്കുമെന്നു വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു.