വേങ്ങര: ലീഗ് ആത്മപരിശോധനയ്ക്ക്

മലപ്പുറം ∙ വേങ്ങര നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും വോട്ടും ഭൂരിപക്ഷവും കുറഞ്ഞതിന്റെ അസ്വാസ്ഥ്യത്തിൽ മുസ്‌ലിം ലീഗ് ആത്മപരിശോധനയ്ക്കൊരുങ്ങുന്നു. തിരഞ്ഞെടുപ്പു ഫലം വിലയിരുത്താൻ നാളെ കോഴിക്കോട്ട് ചേരുന്ന ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും യുഡിഎഫ് നേതൃയോഗവും താഴെത്തട്ടിലെ പ്രവർത്തകർക്ക് അഭിപ്രായ പ്രകടനത്തിന് കൂടുതൽ വേദികളൊരുക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നാണു സൂചന.

മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിലും വേങ്ങര തിരഞ്ഞെടുപ്പിലും യുവ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട യൂത്ത് ലീഗിന്റെ സംസ്ഥാന കമ്മിറ്റിയും നാളെ കോഴിക്കോട്ട് ചേരുന്നുണ്ട്. യുഡിഎഫ് നിയോജകമണ്ഡലംതല അവലോകന യോഗം ഇന്നു നടക്കും. വേങ്ങരയിൽ പാർട്ടി സംവിധാനം താഴെത്തട്ടിൽ വേണ്ടവിധം പ്രവർത്തിച്ചില്ലെന്ന് പാർട്ടി നേതാക്കളും പ്രവർത്തകരും സമ്മതിക്കുന്നു. അതിന്റെ കാരണങ്ങൾ അന്വേഷിക്കുകയും പരിഹരിക്കുകയുമാണ് ലീഗ് നേതൃത്വത്തിനു മുൻപിലുള്ള വെല്ലുവിളി. ജില്ലാ, സംസ്ഥാന നേതാക്കളുടെ സ്വാധീന കേന്ദ്രങ്ങളിൽപോലും വോട്ടുകളിൽ ഇടിവുണ്ടായി.