വേങ്ങരയിൽ ഭരണവിരുദ്ധവികാരം ഉപയോഗപ്പെടുത്താൻ സാധിച്ചില്ലെന്ന് യൂത്ത് ലീഗ്

കോഴിക്കോട് ∙ വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉപയോഗപ്പെടുത്താൻ യുഡിഎഫിനു സാധിച്ചില്ലെന്ന് യൂത്ത് ലീഗ്. വോട്ടുകുറഞ്ഞതു സംബന്ധിച്ചു പാർട്ടി പരിശോധിക്കുമെന്നു പറഞ്ഞത് യൂത്ത് ലീഗ് സ്വാഗതം ചെയ്യുന്നുവെന്നും ലീഗ് പ്രവർത്തകർ കൂടുതൽ‍ രാഷ്ട്രീയ വിദ്യാഭ്യാസം നേടേണ്ടതുണ്ടെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അഭിപ്രായപ്പെട്ടു.

മുസ്‌ലിം ലീഗിനെ ഒരു മതസംഘടനയ്ക്കും തീറെഴുതി നൽകിയിട്ടില്ല. ലീഗ് നേതാക്കൾ മതസംഘടനയുടെ നിർദേശം അനുസരിച്ചല്ല പ്രവർത്തിക്കേണ്ടത്. പ്രവർത്തകർ അഭിപ്രായ പ്രകടനങ്ങൾ നടത്തേണ്ടത് പാർ‍ട്ടിയുടെ ചട്ടക്കൂടിൽ നിന്നുവേണം. യൂത്ത് ലീഗ് നേതാക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ പാർട്ടി തള്ളുകയോ വിലക്കുകയോ ചെയ്തിട്ടില്ലെന്നും ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. നോട്ട് നിരോധിച്ചതിന്റെ ഒന്നാം വാർഷിക ദിനമായ നവംബർ എട്ട് ദേശീയ വിഡ്ഢി ദിനമായി ആചരിക്കുമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.