Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴി മുടക്കിയതല്ല, പൈലറ്റ് പോയതാണെന്നു ഡ്രൈവർ; വേല വേണ്ട, ലൈസൻസ് റദ്ദാക്കുകയാണെന്നു പൊലീസ്

ambulance-child

ആലുവ∙ അത്യാസന്ന നിലയിലായ നവജാത ശിശുവിനെ മെഡിക്കൽ കോളജിൽ എത്തിക്കാൻ പാഞ്ഞ ആംബുലൻസിന്റെ വഴിമുടക്കാൻ ശ്രമിച്ചതിനു പിടിയിലായ കാർ ഡ്രൈവറുടെ മൊഴി വിചിത്രം. ആംബുലൻസിനു വഴിയൊരുക്കാൻ താൻ പൈലറ്റ് പോയതാണെന്നായിരുന്നു പൊലീസിന്റെ പിടിയിലായപ്പോൾ പ്രതി നിർമൽ ജോസിന്റെ പ്രതികരണം. ‘ഇനി പൈലറ്റാകേണ്ട, ലൈസൻസ് റദ്ദാക്കുകയാണെന്നു’ പൊലീസ് സ്വരം കടുപ്പിച്ചതോടെ കക്ഷി പതറി.

കേസിൽ നിന്നു തലയൂരാനുള്ള വിചിത്രവാദമാണ് ഇയാളുടേതെന്നു പൊലീസിനു ബോധ്യമാകാൻ അധികം ചോദ്യം ചെയ്യേണ്ടിവന്നില്ല. നിർമൽ ജോസിന്റെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹനവകുപ്പ് മൂന്നു മാസത്തേക്കു സസ്പെൻഡ് ചെയ്തു.

സമൂഹമാധ്യമങ്ങളിൽ തരംഗമായ വിഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നു ജോയിന്റ് ആർടിഒ സി.എസ്. അയ്യപ്പൻ പറഞ്ഞു. സസ്പെൻഷൻ കാലാവധി കഴിഞ്ഞു ഡ്രൈവർമാർക്കായി മോട്ടോർവാഹന വകുപ്പ് മലപ്പുറം ജില്ലയിലെ എടപ്പാളിൽ നടത്തുന്ന പരിശീലന കോഴ്സിലും പങ്കെടുത്ത ശേഷമേ ലൈസൻസ് പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കൂ.

ആശുപത്രിയിലെത്താൻ വൈകിയിരുന്നെങ്കിൽ തന്റെ കുട്ടിയുടെ ജീവൻ അപകടത്തിലാകുമെന്നു ഡോക്ടർമാർ അറിയിച്ചിരുന്നതായി ആംബുലൻസിൽ കൊണ്ടുപോയ എടത്തല പറയങ്കര ഷാബു. ‘കുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. പത്തു ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടിവരും. കുട്ടിയുടെ അവസ്ഥ കണ്ടു ഭയന്നുപോയ ​ഞാനും ഭാര്യയും കാർ ഡ്രൈവർ വഴി തരാതിരുന്നതോടെ പ്രതീക്ഷ കൈവിട്ട അവസ്ഥയിലായിരുന്നു. ദൈവം കൂടെയുള്ളതിനാലാണു സമയത്തിന് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്’ – ഷാബു പറഞ്ഞു.

ഡ്രൈവർക്കെതിരെ നടപടിയെടുത്തതിൽ സന്തോഷമുണ്ടെന്നും ഷാബു പറഞ്ഞു. ഷാബു, ഭാര്യ അജിത, ഭാര്യാസഹോദരൻ, ഷാബുവിന്റെ സഹോദരി തുടങ്ങിയവരാണ് ആംബുലൻസിലുണ്ടായിരുന്നത്. ഷാബു–അജിത ദമ്പതികളുടെ ആദ്യത്തെ കുട്ടിയാണിത്.

അലക്ഷ്യവും അപകടകരവുമായ ഡ്രൈവിങ്ങിനു കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണു നിർമലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. കാർ കോടതിയിൽ ഹാജരാക്കി. ഇനി വാഹന ഉടമയുടെയും രണ്ടു ജാമ്യക്കാരുടെയും ബോണ്ടിന്മേൽ മാത്രമേ വണ്ടി വിട്ടുകിട്ടൂ. എടത്തല പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണു കാർ.

ആലുവ ഡിവൈഎസ്പി ഓഫിസിനു സമീപം താമസിക്കുന്ന പൈനാടത്ത് നിർമൽ ജോസ് (27) അയൽവാസിയുമായുള്ള അടിപിടി കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു. കേസ് കോടതിയിലാണ്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ നിന്നു ചൊവ്വാഴ്ച വൈകിട്ടു കളമശേരി ഗവ. മെഡിക്കൽ കോളജിലേക്കു പോയ ആംബുലൻസിന്റെ യാത്ര ചുണങ്ങംവേലി മുതൽ അശോകപുരം വരെയാണ് ഇയാൾ തടസ്സപ്പെടുത്തിയത്. ആംബുലൻസ് ഡ്രൈവർ പലവട്ടം ഹോണടിച്ചിട്ടും തൊട്ടുമുന്നിൽ കാറോടിച്ചിരുന്ന പ്രതി സൈഡ് കൊടുത്തില്ലെന്നാണ് ആരോപണം.

ഇതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രന്റെ നിർദേശപ്രകാരം എടത്തല പൊലീസ് സ്വമേധയാ കേസെടുത്തു.

വെട്ടിലായതു മുൻ ഉടമ

യുവാവിന്റെ അലക്ഷ്യമായ ഡ്രൈവിങ് മൂലം കാറിന്റെ മുൻ ഉടമയും വെട്ടിലായി. ആർസി ബുക്കിൽ പേരു മാറ്റിയെങ്കിലും മോട്ടോർ വാഹനവകുപ്പിന്റെ രേഖകളിൽ നിന്ന് അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ നീക്കിയിരുന്നില്ല. ‘പിഞ്ചുകുഞ്ഞിന്റെ ജീവൻകൊണ്ടു പന്താടിയവൻ’ എന്ന വിശേഷണവുമായി ഉടമയുടേതെന്ന പേരിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പലരും പോസ്റ്റിനു താഴെ രൂക്ഷമായി പ്രതികരിച്ചു കമന്റുമിട്ടു.

സത്യാവസ്ഥ വിശദീകരിച്ചു മുൻ ഉടമ രംഗത്തു വന്നപ്പോഴേക്കു സംഭവം തരംഗമായിക്കഴിഞ്ഞിരുന്നു. ആളുകൾ നേരിട്ടു വിളിക്കാൻ തുടങ്ങിയതോടെ അദ്ദേഹം ഫോൺ സ്വിച്ച് ഓഫാക്കി.

പുതിയ നിയമം

ആംബുലൻസ് ഓടുമ്പോൾ മാർഗതടസ്സം സൃഷ്ടിച്ചാൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനു കേസ് എടുക്കാനേ നിലവിൽ നിയമമുള്ളൂ. എന്നാൽ, പുതിയ മോട്ടോർ വെഹിക്കിൾ നിയമം ലോക്സഭ പാസാക്കിയിട്ടുണ്ട്. രാജ്യസഭ കൂടി പാസാക്കി നിയമമായാൽ മൂന്നുമാസം തടവുശിക്ഷ ലഭിക്കുന്ന കുറ്റമായി മാറും.