Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘315 ആംബുലൻസ്’ സർവീസ് നടത്താൻ കരാർ ലഭിച്ചത് വാഹന മോഷ്ടാക്കൾക്ക്

ambulance-scam

കോട്ടയം∙ മോഷ്ടിച്ച വാഹനങ്ങൾ ഉപയോഗിച്ച് കർണാടകയിൽ ആംബുലൻസ് സർവീസ് നടത്തിയ സ്ഥാപനം ഉൾപ്പെടുന്ന കൺസോർഷ്യത്തിന് കേരളത്തിൽ ട്രോമ കെയർ ആംബുലൻസ് നടത്തിപ്പിനുള്ള കരാർ നൽകാൻ നീക്കം. സ്ഥാപനത്തിന്റെ വിശ്വാസ്യത സംബന്ധിച്ചു ധനവകുപ്പിനു പരാതി കിട്ടിയതോടെ ആരോഗ്യ വകുപ്പു സമർപ്പിച്ച ഫയൽ തടഞ്ഞുവച്ചു. സ്ഥാപന ഉടമ തട്ടിപ്പു കേസിൽ ഒളിവിലുമാണ്.

സംസ്ഥാനത്തു വിവിധ ജില്ലകളിൽ അടിസ്ഥാന ജീവൻ രക്ഷാ ഉപകരണങ്ങൾ ഉള്ള 315 ആംബുലൻസ് (ബിഎൽഎസ്) സർവീസ് നടത്താനുള്ള പദ്ധതിയിലാണ് ക്രമക്കേടു കണ്ടത്. ദക്ഷിണേന്ത്യയിൽ പ്രവർത്തിക്കുന്ന മൂന്നു കമ്പനികളുടെ കൺസോർഷ്യമാണ് കുറഞ്ഞ നിരക്കിലുള്ള കരാർ സമർപ്പിച്ചത്. പ്രവൃത്തി പരിചയത്തിനു തെളിവായി ബെംഗളൂരുവിലെ ആംബുലൻസ് നടത്തിപ്പു സ്ഥാപനത്തിന്റെ സാക്ഷ്യപത്രവും ഉൾപ്പെടുത്തിയിരുന്നു. ഈ സ്ഥാപനം സാമ്പത്തിക തട്ടിപ്പു കേസിൽപ്പെട്ട വിവരം പുറത്തു വന്നതോടെയാണ് ആരോഗ്യ വകുപ്പ് വെട്ടിലായത്.

20 കോടി രൂപയുടെ തട്ടിപ്പു കേസിൽ സ്ഥാപന ഉടമ 10 മാസമായി ഒളിവിലാണ്. കൂടാതെ ഇവർ സർവീസ് നടത്തുന്ന 11 ആംബുലൻസുകൾ മോഷ്ടിച്ചതാണെന്നു കണ്ടെത്തി ബെംഗളൂരു രാജ്നഗർ പൊലീസ് പിടിച്ചെടുത്തു. മോഷ്ടാക്കളെ ഉപയോഗിച്ച് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങൾ തട്ടിയെടുത്ത് എൻജിൻ നമ്പറും ഷാസി നമ്പറും മാറ്റി ആംബുലൻസുകളാക്കി ഓടിക്കുന്നതായാണു പൊലീസ് കണ്ടെത്തിയത്.

സഹകരണ ബാങ്കിൽ നിക്ഷേപകരെ കബളിപ്പിച്ചതിന്റെ പേരിൽ സ്ഥാപന ഉടമയ്ക്കെതിരെ മല്ലേശ്വരം പൊലീസും കേസെടുത്തു. ഇക്കാര്യം അറിഞ്ഞ ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ കർണാടക ആരോഗ്യ വകുപ്പു വഴി അന്വേഷണം നടത്തി. എന്നാൽ ഇതിനിടെ കൺസോർഷ്യവുമായുള്ള 437 കോടി രൂപയുടെ കരാർ നടപടി മുന്നോട്ടു പോയി. കൺസോർഷ്യത്തിലെ മൂന്നു കമ്പനികളിൽ ഒരെണ്ണം വേറെ മൂന്നു കമ്പനികൾ ചേർത്ത് ഉണ്ടാക്കിയതാണെന്നും ധനവകുപ്പ് കണ്ടെത്തി. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ പ്രവർത്തിക്കുന്ന 108 ആംബുലൻസുകൾ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയാണിത്.