Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവന്റെ നമ്പർ: 9188100100

റോഡപകടങ്ങളിൽപെടുന്നവരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ സംസ്ഥാനവ്യാപകമായുള്ള ഒരേ നമ്പർ ആംബുലൻസ് സേവനത്തിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) തുടക്കമിട്ടത് ആയുസ്സിന്റെതന്നെ മൂല്യമുള്ള പ്രതീക്ഷയാണു കേരളത്തിനു തരുന്നത്.

റോഡപകടങ്ങളിൽപെടുന്നവരെ സംബന്ധിച്ച് ഏറ്റവും പ്രധാനം ആദ്യ മണിക്കൂറുകളാണ്. ഈ സമയത്തു ലഭിക്കുന്ന ശുശ്രൂഷയും ചികിത്സയുമാണു രോഗിയുടെ ജീവൻ രക്ഷിക്കുന്നത്. ആംബുലൻസിന്റെ ലഭ്യതയും വിദഗ്‌ധചികിത്സ ലഭിക്കുന്ന ആശുപത്രിയെ സംബന്ധിച്ച അറിവും ഈ സമയത്തു പ്രധാനംതന്നെ. കേരളത്തിൽ ദിവസം ശരാശരി 11 പേർ റോഡപകടങ്ങളിൽ കൊല്ലപ്പെടുകയും 117 പേർക്കു പരുക്കേൽക്കുകയും ചെയ്യുന്നുണ്ടെന്നാണു കണക്ക്. സംസ്ഥാനത്തു വാഹനാപകടങ്ങളിൽ സംഭവിക്കുന്ന മരണങ്ങളിൽ അൻപതു ശതമാനത്തിലേറെയും ഒഴിവാക്കാവുന്നതാണെന്നു വിദഗ്‌ധർ പറയുന്നുമുണ്ട്. 

ആന്തരിക രക്‌തസ്രാവം, ഹൃദയാഘാതം, മാരകമായ ഒടിവുകളും മുറിവുകളും എന്നിവമൂലമാണു പലപ്പോഴും റോഡപകടങ്ങളിൽ മരണം സംഭവിക്കുന്നത്. മികച്ച പ്രഥമശുശ്രൂഷ നൽകാനായാൽ റോഡിൽ പിടഞ്ഞുവീഴുന്ന പല ജീവനുകളും രക്ഷിക്കാനായേക്കും. സുസജ്‌ജമായ ആധുനിക ആംബുലൻസുകളുടെ അഭാവം ഇതിനു പ്രധാന തടസ്സമാകുന്നു. ഇവിടെയാണ് ജീവനിലേക്കു വാതിൽതുറക്കുന്ന ഒരു ഫോൺ നമ്പർ പ്രത്യാശയാകുന്നത്. കേരളത്തിൽ എവിടെ റോഡപകടമുണ്ടായാലും അടിയന്തര സഹായം ലഭിക്കുന്നതിനു പൊലീസും ഐഎംഎയും ചേർന്നു രൂപംനൽകിയ നമ്പറാണത്: 9188100100. 

ആയിരത്തോളം ആംബുലൻസുകളെയാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. അപകടസ്ഥലത്തുനിന്ന് ഈ മൊബൈൽ നമ്പറിലേക്കു വിളിച്ചാൽ പൊലീസ് കൺട്രോൾ റൂമിലാണ് കോൾ എത്തുക. സ്ഥലം ചോദിച്ചറിഞ്ഞ് ഏറ്റവുമടുത്തുള്ള ആംബുലൻസ് ഡ്രൈവർമാരുടെ ‘ആപ്പി’ലേക്കു സന്ദേശം നൽകും. തുടർന്ന്, ആംബുലൻസ് ഡ്രൈവറുടെ മൊബൈലിൽ അപകടസ്ഥലത്തേക്കുള്ള വഴിയും ഏറ്റവുമടുത്തുള്ള ആശുപത്രിയിലേക്കുള്ള വഴിയും തെളിയുകയായി. ആംബുലൻസിന്റെ സഞ്ചാരം തത്സമയം കൺട്രോൾ റൂമിൽ ട്രാക്ക് ചെയ്യാം. ആംബുലൻസ് ഡ്രൈവർമാർക്ക് ഐഎംഎയും പൊലീസും പരിശീലനം നൽകിയിട്ടുണ്ട്. കൺട്രോൾ റൂമിൽ 24 മണിക്കൂറും ആംബുലൻസ് സേവനം ലഭ്യമാകുകയും ചെയ്യും. 

ഇക്കഴിഞ്ഞ ദിവസം തുടക്കംകുറിച്ച ഈ പദ്ധതി ഇടർച്ചകളില്ലാതെ കൃത്യമായി മുന്നോട്ടുകൊണ്ടുപോകാൻ എല്ലാവരുടെയും സൂക്ഷ്മശ്രദ്ധ ആവശ്യമാണ്. ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതിനോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്. അപകടത്തിൽപെട്ട് ആശുപത്രിയിലെത്തുന്നവരുടെയും എത്തിക്കുന്നവരുടെയും പേരോ മേൽവിലാസമോ ഇല്ലെന്നതിന്റെപേരിൽ ചികിത്സ നിഷേധിക്കപ്പെട്ടുകൂടാ. ചികിത്സച്ചെലവ് ഈടാക്കാനാകുമോ എന്ന സംശയംകൊണ്ടു ചില ആശുപത്രികൾ അടിയന്തരസഹായം പോലും നൽകാതെ മറ്റൊരു ആശുപത്രിയിലേക്കു പറഞ്ഞുവിടുന്ന അവസ്ഥയ്ക്കും മാറ്റമുണ്ടായേ തീരൂ. 

ആരോഗ്യരംഗത്തു നാം കൊട്ടിഘോഷിക്കുന്ന കേരള മോഡൽ എന്ന വിശേഷണത്തെ സ്വന്തം മരണംകൊണ്ട് തിരുനൽവേലി സ്വദേശി മുരുകൻ ഇന്നും ചോദ്യം ചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ, അപകടത്തിൽ പരുക്കേറ്റു ഗുരുതരാവസ്ഥയിലായിരുന്നിട്ടും ചികിത്സ നിഷേധിക്കപ്പെട്ട് ഏഴു മണിക്കൂറോളം വിവിധ ആശുപത്രികളുടെ കാരുണ്യം കാത്തുകിടക്കേണ്ടിവന്ന മുരുകന് ഒടുവിൽ ആംബുലൻസിൽത്തന്നെ അവസാനിക്കേണ്ടിവന്നു.

മുരുകനോടുള്ള പ്രായശ്ചിത്തമായിക്കൂടിയാണ്, റോഡപകടങ്ങളിൽപെടുന്നവരുടെ 48 മണിക്കൂ‌ർ നേരത്തെ അടിയന്തര ചികിത്സച്ചെലവ് ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനമുണ്ടായത്. അടിയന്തര ചികിത്സാരംഗത്തു നിർണായകമായേക്കാവുന്ന ഈ തീരുമാനം പക്ഷേ, ഇൻഷുറൻസ് കമ്പനികളുടെ നിസ്സഹകരണം മൂലം ചാപിള്ളയായെന്നാണ് ആശങ്ക. പദ്ധതി ഉപേക്ഷിക്കില്ലെന്ന് ആരോഗ്യവകുപ്പ് പറഞ്ഞതിൽ എത്രത്തോളം പ്രതീക്ഷയർപ്പിക്കാം?  

ഒരേ നമ്പർ ആംബുലൻസ് സേവനത്തോടൊപ്പം ഈ തീരുമാനംകൂടി യാഥാർഥ്യമായാൽ ‌അതു കേരളത്തിനു നൽകുന്ന ആശ്വാസം ചെറുതാവില്ല.